സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാം ; അഹാന

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം. അഹാനയുടെ കുടുംബം മുഴുവനും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകൾക്കും ആരാധകരേറെയാണ്. ഇടയ്ക്കിടെ കുടുംബം യാത്രകളും നടത്താറുണ്ട്. യാത്ര പോകുന്ന വീഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്.

നടൻ കൃഷ്ണകുമാറിന്റെ മകളായ നടി, സിനിമ വ്യവസായം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് പറയുന്നു. അച്ഛനെ കണ്ട് വളർന്ന തനിക്ക് അവസരങ്ങൾ നഷ്ടമാകുന്നതും വരാതെ പോകുന്നതും സിനിമയിൽ സാധാരണമാണെന്ന് അറിയാം. അച്ഛൻ ഒരു നടനായത് കൊണ്ട് ഇതെല്ലാം കണ്ടാണ് താൻ വളർന്നതെന്ന് അഹാന പറഞ്ഞു. ‘നെപ്പോട്ടിസ’മെന്ന പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന നടി അച്ഛൻ നടനായാത് തനിക്ക് അവസരങ്ങൾ നൽകിയിട്ടില്ലെന്നും പറഞ്ഞു.

‘എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ അച്ഛന്‍ ഒരു നടനാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ജനിക്കുന്നതിന് മുൻപേ അച്ഛന്‍ അഭിനയിക്കുന്നുണ്ട്. ഒരു പക്ഷെ അതുകൊണ്ടായിരിക്കാം, ആദ്യത്തെ സിനിമ കഴിഞ്ഞ് വേറെ അവസരങ്ങൾ ഒന്നും വരാതിരുന്നപ്പോള്‍ ഞാന്‍ ഡിപ്രഷനിലേക്ക് ഒന്നും പോകാതിരുന്നത്.

കാരണം ഇത് ‘പാര്‍ട്ട് ഓഫ് ദി ഗെയി’മാണെന്ന് എനിക്ക് നേരത്തെ തന്നെ അറിയാം. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതായത്, ഞാന്‍ വലിയൊരു സിനിമയ്ക്കായി കരാർ ഒപ്പിട്ട ശേഷം എന്നെ ഒഴിവാക്കിയാലും എനിക്ക് പ്രശ്‌നമില്ല. അതിലൊരു വിഷമം ഉറപ്പായും ഉണ്ടാകും, എന്നാല്‍ ഞാന്‍ ഇല്ലാതായി പോവുകയോ, തകര്‍ന്ന് പോവുകയോ ചെയ്യില്ല.

കാരണം, ഇതൊക്കെ ഇവിടെ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്റെ ജീവിതമാണ് എന്ന് ഞാന്‍ പറയില്ല. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. ഇക്കാര്യങ്ങളൊക്കെ ഞാന്‍ നേരത്തെ തന്നെ മനസിലാക്കി വെച്ചിട്ടുണ്ട്,’ അഹാന പറഞ്ഞു.

അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഷൈന്‍ ടോം ചാക്കോയാണ് അടിയിലെ നായകന്‍. മമ്മൂട്ടി ആരാധികയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ‘നാന്‍സി റാണി’ നവാഗതനായ ജോസഫ് മനു ജയിംസാണ് സംവിധാനം ചെയ്യുന്നത്.

AJILI ANNAJOHN :