ഹിറ്റ്ലറിലെ ആ നിറസാന്നിധ്യം ഇനി ഓർമ്മകളിൽ മാത്രം;അഭിനേത്രി ടി. പി. രാധാമണി അന്തരിച്ചു!

പ്രശസ്ത സിനിമാ അഭിനേത്രി ശ്രീമതി ടി. പി. രാധാമണി അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.പല ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മികവ് തെളിച്ച ആ അഭിനയ പ്രതിഭയുടെ വേർപാട് സിനിമ ലോകത്തിന് തീരാ നഷ്ടമാണ്.

എഴുപതുകളില്‍ ഈ താരം മലയാളത്തില്‍ സജീവമായിരുന്നു. സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, മുദ്ര, ഒരിടത്ത് തുടങ്ങി നിരവധി സിനിമകളില്‍ ടിപി രാധാമണി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഹിറ്റ്‌ലറായിരുന്നു രാധാമണിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള സിനിമ. ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്, വിജജയ് സേതുപതി ചിത്രമായ വണ്‍മം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.ടിപി രാധാമണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പ്രശസ്ത സിനിമാ അഭിനേത്രി ശ്രീമതി ടി. പി. രാധാമണിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ശ്രീമതി രാധാമണി കാൻസർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാർത്ത കണ്ട ഉടൻ തന്നെ അവർക്ക് ചികിത്സക്കുള്ള സഹായം നൽകാൻ നടപടിയെടുത്തു. സാംസ്കാരിക ക്ഷേമനിധിയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകുകയും ചെയ്തു. ചികിത്സ തുടർന്നെങ്കിലും അവർ നമ്മെ വിട്ടു പോയി.
എഴുപതുകളിൽ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ‘തമ്പ്രാൻ തൊടുത്തത് മലരമ്പ് ‘ എന്ന ഗാനരംഗത്തിൽ അഭിനയിച്ചു. തിലകൻ ആദ്യമായി അഭിനയിച്ച പെരിയാറിൽ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അടുക്കള എന്ന സിനിമ നിർമ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലുമായി. ശ്രീമതി. ടി. പി. രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓർക്കും. കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

actress tp radhamani passed away

Sruthi S :