എന്റെ സഹോദരന്‍ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്; സൂര്യകിരണിനൊപ്പമുള്ള ചിത്രവുമായി നടി സുജിത

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെലുങ്ക് സംവിധായകനും മുന്‍ ബാലതാരവുമായ സൂര്യകിരണിന്റെ മരണവാര്‍ത്ത പുറത്തെത്തുന്നത്. താരത്തിന്റെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സഹോദരന്റെ വേര്‍പാടില്‍ നടി സുജിത ധനുഷ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സൂര്യകിരണ്‍ തന്റെ സഹോദരന്‍ മാത്രമല്ല, ജീവിതത്തിലെ അച്ഛനും നായകനുമായിരുന്നു എന്നാണ് സുജിത കുറിച്ചത്.

‘ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എന്റെ സഹോദരന്‍ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്. ചേട്ടന്റെ കഴിവിലും വാക്കുകളിലും ഞാന്‍ അഭിമാനിക്കുന്നു. പല നിലകളില്‍, നിങ്ങളുടെ സാന്നിധ്യം എത്തി. പുനര്‍ജന്മം സത്യമാണെങ്കില്‍, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ.’എന്നും സൂര്യ കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം സുജിത കുറിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് മാര്‍ച്ച് 11നാണ് സൂര്യ കിരണ്‍ മരിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരമായാണ് സൂര്യകിരണ്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വിവിധ ഭാഷകളില്‍ 200ല്‍ അധികം ചിത്രങ്ങളിലാണ് അദ്ദേഹം ബാലതാരമായെത്തിയത്. സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് 2003 ല്‍ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.

ചാപ്റ്റര്‍ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായി. അതുപോലെ സുജിതയും ബാലതാരമായാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ നിരവദി സിനിമകളില്‍ അഭിനയിച്ചു.

Vijayasree Vijayasree :