ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു;നടി ശ്രീയ രമേഷ് !

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് നടി ശ്രീയ രമേഷ് രംഗത്ത്.കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ ഭയാനകമാവിധം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് നടി പറഞ്ഞു.

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സീരിയൽ നടിയും അവതാരികയുമായ സാധിക കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെ ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. തനിക്കും ഇത്തരത്തിൽ നേരിടേണ്ടി വന്നിട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു താരം പ്രതികരിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ 13 കാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്‌ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ വല്ലാത്ത ഒരു മൗനം ആണ്. ഈ സംഭവത്തിലും കനത്തു വരുന്ന ആ മൗനവും ഭീതിപ്പെടുത്തുന്നു.

അനീതിയെഎതിര്‍ക്കുന്നതിലല്ല മറിച്ച്‌ അവനവന്റെ രാഷ്ടീയ/മത താല്പര്യത്തിനും വിരുദ്ധമായതിനെ മാത്രം തെരഞ്ഞെടുത്ത് എതിര്‍ക്കുക എന്നതാണ് ഇതിന്റെ പിന്നില്‍ എന്ന് കരുതുന്നു. പ്രതികള്‍ക്ക് ആരെങ്കിലും ഒത്താശ ചെയ്യുന്നു എങ്കില്‍, ആ കൃത്യത്തെ ഇതര സംസ്ഥാന വിഷയങ്ങളുമായി സമീകരിച്ച്‌ ന്യായീകരിക്കുന്നു എങ്കില്‍ ഒരു നിമിഷം ആ കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ വീടുകളിലെ സമപ്രായക്കാരായ കുരുന്നുകളെ പറ്റി ചിന്തിക്കുക. ആ പതിമൂന്ന് കാരിക്കും കുടുംബത്തിനും ജസ്റ്റിസ് കിട്ടേണ്ടതുണ്ട്.

ദാരിദ്രത്തിനിടയിലാണ്, ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ജീവിതമെങ്കിലും പതിമൂന്നുകാരിയായ അവളുടെയും മാതാപിതാക്കളുടേയും സന്തോഷങ്ങള്‍ ഒരു സംഘം ക്രൂരന്മാര്‍ തല്ലിക്കെടുത്തിയിരിക്കുന്നു. അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകള്‍ആശങ്കയുടെ കണ്ണീരിലേക്ക് വഴിമാറിയിരിക്കുന്നു. ആസുരജന്മം എടുത്ത ചിലര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടി എന്തുമാത്രം വിഹ്വലയായിരിക്കും? അവളുടെ വിലാപങ്ങള്‍ പരസ്യങ്ങളില്‍ ഉദ്‌ഘോഷിക്കുന്ന നവോഥാന നമ്പര്‍:1 എന്ന ഈ കേരളത്തിലെ അന്തരീക്ഷത്തില്‍ ഉയര്‍ന്നിട്ടുണ്ടാകില്ലെ?

എന്തേ ആരും കേള്‍ക്കാതെയും പ്രതികരിക്കാതെയും പോയത്? അവളുടെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ക്ക് കാതു കൊടുക്കുവാന്‍ എന്തേ നമുക്ക് ആകാത്തത്? പ്രവാസികളാണ് മലയാളികളില്‍ വലിയ ഒരു വിഭാഗം ഇതര ദേശത്തുവച്ച്‌ നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അവര്‍ക്കും ഉണ്ട് എന്ന് എന്തേ തിരിച്ചറിയാത്തത്? വിദേശത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ പൊലീസില്‍ പരാതിനല്‍കിയാല്‍ എത്ര വേഗമാണ് നടപടികള്‍ ഉണ്ടാകാറുള്ളതെന്ന് പ്രവാസികള്‍ക്കെങ്കിലും അറിയാം. ഇവിടെ ആ കൊച്ചു പെണ്‍കുട്ടിയുടെ നേര്‍ക്ക് പീഡന ശ്രമം ഉണ്ടായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നതുമാണ് എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.

കേരളത്തിലെ പെണ്‍കുട്ടിയുടെയും സ്ത്രീകളുടേയും സുരക്ഷയെ പറ്റി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു പെരുമ്പാവൂര്‍ ജിഷയുടെ ക്രൂരമായ കൊലപാതകം നടന്നപ്പോള്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് ഒറ്റപ്പെട്ടതായി കാണാന്‍ ആകില്ല. ഭയാനകമം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് സ്ത്രീകള്‍ക്ക് നേരെ നേരിട്ടും സൈബര്‍ സ്‌പേസിലും ഉള്ള അതിക്രമങ്ങള്‍.

മയക്കുമരുന്നിന്റെ ലഹരിയിലാണ് ചെയ്തത് എന്ന് പല കൊലപാതക, അക്രമ വാര്‍ത്തകള്‍ക്കൊപ്പവും കാണാറുണ്ട്. സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു എന്നതിനെയാണ് അത് അടിവരയിടുന്നത്. ആ കുരുന്നിന്റെ ജീവന്‍ അപകടത്തിലാകും മുന്‍പേ എത്രയും വേഗം കണ്ടെത്തുവാന്‍ പൊലീസിനു ആകട്ടെ. ഇത്തരം സംഭവങ്ങള്‍ നമ്മളുടെ കുരുന്നുകളെ തേടിയെത്താതിരിക്കുവാന്‍ മൗനം വെടിയുക, പ്രതികരിക്കുവാനും ജാഗ്രതയോടെ ഇരിക്കുവാന്‍ തയ്യാറാകുക.

വോട്ട് അഭ്യര്‍ഥനയുമായി വരുന്ന രാഷ്ടീയ പ്രവര്‍ത്തകരോട് കൂടെയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ നിങ്ങള്‍ അവളുടെ തട്ടിക്കൊണ്ടു പോകല്‍ പ്രശ്‌നത്തെ ഗൗരവത്തില്‍ എടുക്കാത്തത്? അവള്‍ ഒരു മനുഷ്യജീവിയാണ് നാടും ജാതിയും ഏതായാലും നമ്മുടെ സമൂഹത്തില്‍ ആണ് അവള്‍ ജീവിച്ചിരുന്നത്, അവള്‍ക്ക് നീതി ലഭിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

actress sreeya remesh facebook post

HariPriya PB :