ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം- പാർവതി

ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം- പാർവതി

‘അമ്മ സംഘടനയും വനിത സംഘടനയും തമ്മിൽ ദിലീപ് വിഷയത്തിൽ ഇടഞ്ഞു നിൽക്കുകയാണ്. താര സംഘടനയായ അമ്മയിൽ നിന്നും നടിമാർ കൂട്ടമായി രാജി വക്കുകയും കൂടി ചെയ്തപ്പോൾ സംഘടനയിൽ മാത്രമല്ല പൊതു സമൂഹത്തിലും താരാധിപത്യവും പുരുഷ മേധാവിത്വവും ചർച്ചയായി. കസബ വിഷയത്തിൽ മമ്മൂട്ടിയെ വിമർശിച്ച പാർവതിയാണ് ഇതിൽ ഏറ്റവുമധികം ചോദ്യങ്ങൾ അഭിമുഖീകരിച്ചത്.

അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചുവെന്നും പാര്‍വ്വതി ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും പാര്‍വ്വതിയെ ആരും വിലക്കിയിട്ടില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അമ്മയോട് പാര്‍വ്വതിക്ക് ചിലത് പറയാനുണ്ട്. ഒരു അഭിമുഖത്തിലാണ് എന്താണ് അമ്മയോട് തനിക്കുളള പ്രശ്‌നമെന്ന് പാര്‍വ്വതി വ്യക്തമാക്കിയത്.

അതൊരു പ്രശ്‌നമല്ല. അമ്മയിലെന്നല്ല, ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍ അതിനെപ്പറ്റി വിമര്‍ശനമോ ചര്‍ച്ചയോ ഉണ്ടാവും. അത് സ്വാഭാവികമാണ്. ഇത് സിനിമാലോകമായതുകൊണ്ട് കൂടുതല്‍ പ്രാധാന്യം കിട്ടുന്നു എന്നു മാത്രം. പക്ഷേ അനീതി ഉണ്ടാവുമ്പോള്‍ അത് തിരുത്തുക എന്നുളളതാണ് കാര്യം. തെറ്റായ ഒരു തീരുമാനമുണ്ടായാല്‍ അതിനെ വിമര്‍ശിക്കും. ഒപ്പം നല്ല ചര്‍ച്ചകളിലൂടെ മുന്നോട്ടു പോവണം. അതിനുളള ഇടത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, പാര്‍വ്വതി പറഞ്ഞു.

ഞാനും പത്മപ്രിയയും ഒരുപാട് അമ്മ അംഗങ്ങളും ഒക്കെ ചോദിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ട് പോവാനുളള സാധ്യതയുണ്ടാവണം. എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഒരു വര്‍ഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെത്തന്നെ വേണം ചര്‍ച്ച; പരസ്പരം ബഹുമാനിച്ചുകൊണ്ടു തന്നെ, പാര്‍വ്വതി വ്യക്തമാക്കി.

മലയാളം സിനിമാ ഇന്‍ഡസ്ട്രി മാറുമെന്ന് തനിക്കുറപ്പാണെന്നും പാര്‍വ്വതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിലേക്കുളള യാത്രയാണ് ഇതെല്ലാമെന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ചും പാര്‍വ്വതി അഭിമുഖത്തില്‍ സംസാരിച്ചു. ‘വിമന്‍ ഇന്‍ സിനിമാ കലക്ടീവ് എന്നത് വേറൊരു സംഘടനയെയോ വ്യക്തിയെയോ വിമര്‍ശിച്ച് അവര്‍ക്ക് പേരു ദോഷം വരുത്താനല്ല. ഈ രംഗത്ത് കുറച്ചു പ്രശ്‌നങ്ങളുണ്ട്, അതിനെ എങ്ങനെ ഒരുമിച്ച് നേരിടാം എന്നു ആലോചിക്കാനാണ്.

ഡബ്ല്യുസിസിയിലെ അംഗങ്ങളുടെ മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ജോലി സ്ഥലം ആണ് സിനിമാ ഇന്‍ഡസ്ട്രി. എതിനു കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉള്‍പ്പെടെ ചര്‍ച്ചയാവണം. ജനം ഇതിനെയൊക്കെ പല രീതിയില്‍ വ്യാഖ്യാനിച്ചേക്കാം. പക്ഷേ ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്ന ആഗ്രഹം മാത്രമാണ് ഇതിന്റെയൊക്കെ ഉളളില്‍ എന്നും പാർവതി പറയുന്നു.

കൂടുതൽ വായിക്കുവാൻ >>>

actress parvathy about problems with AMMA association

Sruthi S :