എന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി, അതിൽ അയാൾക്ക് ഇഷ്ടപ്പെട്ട പത്ത് ടിക്കറ്റുകൾ എടുത്തിട്ട് കാശ് തരാം എന്ന് പറഞ്ഞ് മുങ്ങി കളഞ്ഞു ; മേരി പറയുന്നു !

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മേരി ഇപ്പോൾ ലോട്ടറി വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത് .വീടിന്റെ ആവശ്യത്തിന് എടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഈ തൊഴിൽ തിരഞ്ഞെടുത്തു എന്നാണ് മേരി മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താൻ പറ്റിക്കപ്പെട്ടതിനെ കുറിച്ചും ജീവിതത്തിലെ വെല്ലുവിളികളെ കുറിച്ചും മേരി സംസാരിക്കുന്നു.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം സിനിമകളിൽ ഇനി ധാരാളം അവസരങ്ങൾ കിട്ടും എന്നാണ് ഞാൻ കരുതിയത്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല. മിക്ക സിനിമകളിലും വിളിക്കും, ഞാൻ ബാഗ് എല്ലാം പാക്ക് ചെയ്ത് റെഡിയായി നിൽക്കും. പിന്നെ അവർ വിളിച്ച് പറയും, മേരി ചേച്ചി ഇല്ല, ബേബി ചേച്ചിയ്‌ക്കേ ഇന്ന് ഷൂട്ട് ഉള്ളൂ എന്ന്. പിന്നെ ഒരു വിവരവും ഉണ്ടാവില്ല. അങ്ങനെയുള്ള അനുഭവങ്ങൾ ഒരുപാട് ഉണ്ടായി. ഒരു പടത്തിന് വേണ്ടി എന്നെ വിളിച്ചത് അനുസരിച്ച് ഞാൻ ചങ്ങനാശ്ശേരി വരെ പോയി. ഷൂട്ടിങ് നടക്കുന്ന ഇടത്ത് എത്താറായപ്പോഴാണ്, ചേച്ചീ ഷൂട്ട് മാറ്റി വച്ചു എന്ന് പറഞ്ഞ് വിളിയ്ക്കുന്നത്. പിന്നെ ആ സിനിമയിലേക്ക് എന്നെ വിളിച്ചതേയില്ല.

ആരും പറഞ്ഞിട്ട് അല്ല ലോട്ടറി വിൽപന തൊഴിലായി എടുത്തത്. എന്റെ കൈയ്യിൽ ഉള്ള ഏതെങ്കിലും ടിക്കറ്റിന് സമ്മാനം അടിച്ചാലോ എന്ന് കരുതിയാണ്. ഒരു വീട് പണിയുന്നതിന് വേണ്ടി മൂന്ന് ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും ലോൺ എടുത്തത്. അടക്കാതെയായപ്പോൾ അത് പലിശയായി കൂടി. ആ കടം വീട്ടാൻ വേണ്ടി വേറെ ലോൺ എടുത്തു. പക്ഷെ കൊവിഡ് സമയത്ത് ഒരു പൈസയും അടക്കാൻ ആവാതെ അതും പലിശ കൂടി.

ലോട്ടറി വിൽപന കൊണ്ട് എനിക്ക് ഒരു മെച്ചവും ഇതുവരെ ഉണ്ടായില്ല. എനിക്കാണെങ്കിൽ നമ്പറ് നോക്കി ലോട്ടറി എടുത്ത് കൊടുക്കുന്നത് ഒന്നും അറിയില്ല. 1600 കൊടുത്ത് 48 ടിക്കറ്റ് ആണ് ഞാൻ എടുക്കുന്നത്. ഒരാൾ വന്ന് എന്റെ കൈയ്യിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി, അതിൽ അയാൾക്ക് ഇഷ്ടപ്പെട്ട പത്ത് ടിക്കറ്റുകൾ എടുത്തിട്ട് കാശ് തരാം എന്ന് പറഞ്ഞ് മുങ്ങി കളഞ്ഞു. വിറ്റ് പൈസ കിട്ടാത്തത് കാരണം പിറ്റേ ദിവസം വിൽപനയ്ക്കുള്ള ടിക്കറ്റ് എടുക്കാൻ പോലും എനിക്ക് പറ്റിയില്ല. ഇങ്ങനെ വിൽക്കുന്ന ടിക്കറ്റിൽ നിന്ന് 300 രൂപ മാത്രമാണ് എനിക്ക് ലാഭം കിട്ടുന്നത്.

മക്കൾ മാത്രമാണ് ഇപ്പോൾ ആശ്രയം. ഭർത്താവില്ല. മകൻ പെയിന്റിങിന്റെ പണിയ്ക്ക് പോയിരുന്നു. ഷുഗറിന്റെ അസുഖം വന്നതോടെ അത് നിർത്തി മീൻ കച്ചവടത്തിന് പോയി. അവനും വിൽപന നടത്താൻ അറിയില്ല. ബാക്കി വരുന്ന മീൻ അവൻ തിരിച്ച് കൊണ്ടുവരും. അവനെ കൊണ്ടും പറ്റാതെയായപ്പോഴാണ് ഞാൻ ലോട്ടറി വിൽപനയ്ക്ക് ഇറങ്ങിയത്. ലോട്ടറിയുമായി ഇറങ്ങുമ്പോൾ പലരും വന്ന് പറയും ചേച്ചി ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സഹിക്കുന്നില്ല എന്നൊക്കെ. അപ്പോൾ അവിടെ ഇരുന്ന് കരയും

ലോട്ടറി വിൽപനയാണ് ഇപ്പോൾ എന്ന് അറിഞ്ഞ് പലരും വിളിച്ചിരുന്നു. അളിയൻസ് എന്ന പരമ്പരയിൽ നിന്ന് വിളിച്ചു, ചേച്ചി വർക്ക് ഇല്ലാതെ ഇരിക്കുകയാണ് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, നാളെ തന്നെ ഷൂട്ടിന് വരണം’ എന്ന് പറഞ്ഞു. യൂട്യൂബിൽ നിന്ന് ഒരു ചെറുക്കൻ വിളിച്ച് സിനിമയിൽ അവസരം ഉണ്ട് എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഒക്കെ വിളിക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നും- മേരി പറഞ്ഞു

AJILI ANNAJOHN :