ദയവായി ശാന്തരായിരിക്കൂ… കിംവദന്തികൾ നിർത്തൂ; വിവാഹവാർത്തയോട് പ്രതികരിച്ച് തൃഷ

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ചിത്രങ്ങളിലെ കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷയെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് തൃഷ വിവാഹിതയാവുന്നുവെന്ന റിപ്പോർട്ട് വന്നത്. ഇപ്പോഴിതാ മലയാളി നിർമാതാവുമായി വിവാഹിതയാകുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നടി രംഗത്ത്

പ്രചരിക്കുന്ന വാർത്തകളൊക്കെ തെറ്റാണെന്നും ദയവായി വ്യാജ വാർത്തകൾ നിർത്തൂ എന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ദയവായി ശാന്തരായിരിക്കൂ. കിംവദന്തികൾ നിർത്തൂ. ചിയേഴ്‌സ്’’ , എന്നാണ് നടി എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത്.

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ പോസ്റ്റ്.

ഇതിനു മുമ്പും തൃഷയുടെ വിവാഹനിശ്ചയവും മറ്റു നടന്മാരുമായുള്ള വ്യാജ വിവാഹ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2015ൽ വ്യവസായിയായ വരുൺ മണിയനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വരുൺ നിർമിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു.

Noora T Noora T :