ദയവ് ചെയ്ത് ഇനി ചെയ്ത് വച്ചിരിയ്ക്കുന്ന വീഡിയോ ഒന്നും ഇടല്ലേയെന്ന് സംവിധായകനെ വിളിച്ച് പറഞ്ഞു, ആ റീലിസിന് പിന്നിലെ സത്യവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ഷീലു എബ്രഹാം

നടി ഷീലു എബ്രഹാമിന്റെ ഒരു റീല്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഒട്ടും വഴങ്ങാത്ത ശരീരം വച്ച് ഡാൻസ് കളിയ്ക്കുന്ന ഷീലുവാണ് വീഡിയോയിൽ ഉള്ളത്. ഇപ്പോഴിതാ ആ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് ഷീലു.

റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഷീലു ഇതിനെക്കുറിച്ച് പറഞ്ഞത്. ആ വീഡിയോ ചെയ്തത് ഞാനല്ല, എന്റെ കഥാപാത്രമായ ‘ലോൺലി സുമ’യാണ് ഡാൻസ് കളിച്ചത്. വീഡിയോ പുറത്ത് വിട്ടതും ഞാനല്ല എന്നാണ് ഷീലു പറഞ്ഞത്.

നടി പറഞ്ഞത് ഇങ്ങനെയാണ്

ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘നാലാം മുറ’ എന്ന സിനിമയിലെ എന്റെ കഥാപാത്രം ചെയ്യുന്ന റീൽ വീഡിയോ ആണ് അത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. ചിത്രത്തിൽ ലോൺലി സുമ ആയിട്ടാണ് ഞാൻ എത്തുന്നത്. സുമ ഒരു വീട്ടമ്മയാണ്, ഡാൻസ് ഒന്നും അവർക്ക് അറിയില്ല. എന്നാൽ അവർക്ക് ഡാൻസ് ചെയ്യാനും റീൽസ് ചെയ്യാനും ഒക്കെ ഭയങ്കര ആഗ്രഹമാണ്. റീൽസ് ചെയ്ത് വൈറലാവാൻ ആഗ്രഹിയ്ക്കുന്ന വീട്ടമ്മ ചെയ്ത വീഡിയോ ആണ് അത്.

സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി ചെയ്ത ആ റീൽ പുറത്ത് വിട്ടത് ആ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ്. ഈ വീഡിയോ ഇറങ്ങിയ ശേഷം എനിക്ക് ഒരുപാട് മെസേജുകളും ഫോൺകോളുകളും വന്നു. ഷീലു ഇതൊക്കെ ചെയ്യുമോ, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുന്നത്, ഇവൾക്ക് എന്ത് പറ്റി എന്നൊക്കെ ചോദിച്ചുകൊണ്ടായിരുന്നു ആളുകൾ എത്തിയത്.

പ്രേക്ഷകരിൽ പലരുടേയും വിചാരം ഞാൻ പൊതുവെ മസില് പിടിച്ച് നിൽക്കുന്ന ആളാണെന്നാണ്. ഇങ്ങനെ ഒരു വീഡിയോ പുറത്ത് വന്നപ്പോൾ മാധ്യമങ്ങളിൽ നിന്ന് പോലും വിളി വന്നു. അവരോടൊക്കെ എങ്ങനെ മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു’. ‘അതുപോലെ ഇനിയും ആ സിനിമയ്ക്ക് വേണ്ടി ചെയ്തു വച്ച വീഡിയോസ് ഉണ്ടായിരുന്നു. അവസാനം ഞാൻ സംവിധായകനെ വിളിച്ച് പറഞ്ഞു. അയ്യോ ദയവ് ചെയ്ത് ഇനി ചെയ്ത് വച്ചിരിയ്ക്കുന്ന വീഡിയോ ഒന്നും ഇടല്ലേ എന്ന് പറഞ്ഞിട്ടുണ്ട്’, ഷീലു പറഞ്ഞു.

‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ്‌ സിനിമക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലോകനാഥൻ ഛായാ​ഗ്രഹണവും കൈലാസ് മേനോൻ സം​ഗീത സംവിധാനവും നിർവഹിക്കുന്നു.

Noora T Noora T :