രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് ആ രോഗം സ്ഥിരീകരിക്കുന്നത്; വെളിപ്പെടുത്തലുമായി ലിയോണ ലിഷോയ്

മലയാളികളുടെ പ്രിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകൾ കൂടിയായ ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ലിയോണ.

ഇപ്പോഴിതാ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഏതാനും വർഷങ്ങളായി താൻ അഭിമുഖീകരിക്കുന്ന എൻഡോ മെട്രിയോസിസ് എന്ന രോഗാവസ്ഥയെ കുറിച്ചാണ് നടി പറയുന്നത്

“ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയോസിസ് (സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്.

എന്നാല്‍, ശാരീരികവും മാനസികവുമായ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, വേദനയുടെ ഭയാനകമായ യാത്രയിൽ നിന്ന്, ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മിയുടെയും സഹായത്തോടെ, ഞാനൊരുപാട് മുന്നോട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല, അത് സാധാരണമല്ല. ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ദയവായി ഡോക്ടറെ കാണുക,” ലിയോണ കുറിക്കുന്നു

Noora T Noora T :