നടി കനകലത അന്തരിച്ചു!, സ്വന്തം പേരും മറന്നു, ഉമിനീരുപോലും ഇറക്കാതായി, നടിയുടെ അവസാന നാളുകള്‍ ഇങ്ങനെ!

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം സഹോദരി വിജയമ്മ നല്‍കിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ശക്തമായ വലിയ കഥാപാത്രങ്ങളല്ലെങ്കിലും ചെറു ചെറു കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു നിറഞ്ഞ കലാകാരിയാണ് കനകലത. പക്ഷേ, അവസാനകാലം ടെലിവിഷനില്‍ സ്വന്തം മുഖം കണ്ടാല്‍പോലും തിരിച്ചറിയാനാകാതെ, സ്വന്തം പേരുപോലും മറന്ന് അവര്‍ രോഗാവസ്ഥയിലായിരുന്നു.

മലയിന്‍കീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇടവേളകളില്‍ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നിലിരുത്തും. സിനിമകള്‍ ഓര്‍മ്മയില്‍ വരുമെങ്കിലും സ്‌ക്രീനില്‍ തന്നെ കണ്ടാല്‍പോലും തിരിച്ചറിയില്ല. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് അവരെ തളര്‍ത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതുതന്നെ മോഹന്‍ലാല്‍ അഭിനയിച്ച ‘തന്മാത്ര’യിലൂടെയാണെന്ന് സഹോദരി പറഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. പിന്നെ ആ ചുരുണ്ടമുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകള്‍ക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കും. സിനിമ കാണുമ്പോഴും അവളഭിനയിച്ച സീനുകള്‍ വരുമ്പോഴുമൊക്കെ എന്തൊക്കെയോ ഓര്‍ത്തിരിക്കും. വീട്ടിലുള്ളവരെയും ബന്ധുക്കളെയുമൊക്കെ കണ്ടാല്‍ മനസ്സിലാവുന്നുണ്ട്. മറന്നത് ദൈനംദിന കാര്യങ്ങളാണ്. സ്വയം ചെയ്യേണ്ട കാര്യങ്ങളെല്ലാം മറന്നു എന്നും വിജയമ്മ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബര്‍തൊട്ടാണ് കടുത്ത ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ട്, നിഴല്‍പോലെ ഒപ്പമുള്ള സഹോദരിയാണ് അത് മനസ്സിലാക്കിയത്. സീരിയല്‍, സിനിമാരംഗത്തുനിന്ന് ഓഫറുകള്‍ വന്നെങ്കിലും അവയൊക്കെ പതിയെ ഒഴിവാക്കി. കനകലത ആണെന്ന് മനസ്സിലാകാത്ത രൂപത്തിലായി എന്നും വിജയമ്മ പറഞ്ഞിരുന്നു.

1960 ഓഗസ്റ്റ് 24ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് കനകലതയുടെ ജനനം. പരമേശ്വരന്‍ പിള്ളയും ചിന്നമ്മയും ആണ് മാതാപിതാക്കള്‍. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം. 1980ല്‍ ‘ഉണര്‍ത്ത് പാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. എന്നാല്‍ ചിത്രം റിലീസായില്ല. 1982ല്‍ പുറത്തിറങ്ങിയ ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് കനകലത മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്.

നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകില്‍ പമ്പരം, പാര്‍വതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കണ്‍മണി, എഫ്‌ഐആര്‍, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയില്‍പ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകള്‍, കൗരവര്‍, കിരീടം, ജാഗ്രത, രാജാവിന്റെ മകന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യം മോശമായതുകൊണ്ട് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇന്‍ഷുറന്‍സും ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്. അതേസമയം വിവാഹമോചിതയാണ് കനകലത. പതിനഞ്ച് വര്‍ഷത്തെ വിവാഹജീവിതം 2005ലാണ് നടി വേര്‍പെടുത്തിയത്. ഇവര്‍ക്ക് കുട്ടികളില്ല.

ചില്ല് സിനിമ റിലീസ് ആയ സമയത്ത് താന്‍ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല ഞങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് കനകലത പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്.

അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാന്‍ സ്വന്തം മക്കളായി ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാന്‍ വളര്‍ത്തി. രണ്ടു പെണ്‍മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചുവിട്ടുവെന്നും കനകലത അവസാനമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :