കമലഹാസനും രജനീകാന്തും ഒന്നിക്കണമെന്ന് വിശാല്‍.

തമിഴ് ചലച്ചിത്രമേഖലയിലെ സൂപ്പര്‍താരങ്ങളായ രജനികാന്തും കമലഹാസനും ഒരുമിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് നടനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍.

ടിഗര്‍സംഘം താരനിശയ്ക്കും മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനുമല്ലാതെ തെരഞ്ഞെടുപ്പിലും ഇവര്‍ ഒന്നിക്കുന്നതു കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു വിശാലിന്റെ കമന്റ്. അങ്ങനെ സംഭവിച്ചാല്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.


ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കുന്ന വിശാല്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചെങ്കിലും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് രജനിയുടെ നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മക്കള്‍ നീതി മയ്യം എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.


കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രജനി ആശംസയര്‍പ്പിച്ചതും വാര്‍ത്തകളില്‍ ഇടം നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സുഹൃത്ത് കമല്‍ഹാസനും അദ്ദേഹത്തിന്റെ പാര്‍ടിക്കും വിജയാശംസകള്‍ നേര്‍ന്നായിരുന്നു രജനിയുടെ ട്വീറ്റ്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ രജനിയുമായി കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ തന്റേതില്‍നിന്ന് വ്യത്യസ്തമാണെന്നായിരുന്നു കമലിന്റെ മറുപടി.

Actor Vishal Says Kamal hassan and rejanikanth will join..

Noora T Noora T :