“നമ്മൾ പച്ച പിടിക്കുമോ എന്നായിരുന്നു വീട്ടുകാർക്ക് പേടി . ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്” -ആദ്യ സിനിമക്ക് തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ എഡിറ്റർ അരവിന്ദ് മന്മഥൻ

സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അനന്തപുരിക്ക് ഒരു പൊൻതൂവലായി മാറുകയാണ് അരവിന്ദ് മന്മഥൻ എന്ന പേര്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ അരവിന്ദ് മന്മഥൻ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ‘ഒരു ഞായറാഴ്ച’യുടെ എഡിറ്റർ ആണ്.

അപ്രതീക്ഷിതമാണ് ഈ അവാർഡ് എന്ന് അരവിന്ദ് മെട്രോമാറ്റിനിയോട് പറയുന്നു.മെട്രോമാറ്റിനി ടീമിൽ ആദ്യ സമയത്ത് അരവിന്ദ് മന്മഥനും ഭാഗമായിരുന്നു. തന്റെ ഇരുപത്തഞ്ചാമത്തെ വയസിലാണ് ഇങ്ങനെ ഒരു അംഗീകാരം അരവിന്ദിനെ തേടി എത്തിയിരിക്കുന്നത്. ഒരു നവാഗതൻ എന്ന ആനുകൂല്യം അരവിന്ദിന് യോജിക്കില്ല .കാരണം അസിസ്റ്റന്റ് എഡിറ്ററായി മുൻപ് ചെയ്ത ചിത്രങ്ങളുടെ അനുഭവ സമ്പത്തും തഴക്കവും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചത് കൊണ്ടാണ് ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരത്തിനു ഇദ്ദേഹത്തെ അർഹനാക്കിയത് .

“ആദ്യ ചിത്രത്തിൽ തന്നെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമാണ്. എന്റെ ആദ്യ സ്വതന്ത്ര ചിത്രമാണ് ഒരു ഞായറാഴ്ച . ഞാൻ അപ്പു ഭട്ടതിരിയുടെ അസ്സിസ്റ്റന്റ് ആയിരുന്നു . (സെക്കന്റ് ഷോ , ഒഴിവുദിവസത്തെ കളി, കുഞ്ഞി രാമായണം , ഒറ്റമുറി വെളിച്ചം ) “. അരവിന്ദ് പറയുന്നു.

ശ്യാമപ്രസാദിനൊപ്പമുള്ള അനുഭവം വളരെ മികച്ചതായിരുന്നുവെന്നു അരവിന്ദ്.” അദ്ദേഹത്തിനൊപ്പമുള്ള അനുഭവം വലിയൊരു മുതൽക്കൂട്ടാണ്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമായി കണക്കാക്കുന്നു . അദ്ദേഹത്തിനൊപ്പമുള്ള അഭിനേതാക്കളും അവർക്കൊപ്പമുള്ള സമയങ്ങളും നല്ലൊരു അനുഭവമായിരുന്നു . ഒരു ഞായറാഴ്ച്ച ശ്യാമപ്രസാദ് സാറിന്റെ സിനിമയാണ്. അദ്ദേഹം എന്താണോ പറയാൻ ഉദ്ദേശിച്ചത് , അത് അതേപടി പകർത്താൻ കഴിഞ്ഞു. അതിനുള്ള അംഗീകാരം അദ്ദേഹത്തിന് കിട്ടി. അതിൽ വളരെ സന്തോഷമുണ്ട് ” .

ഏറ്റവും വലിയ അംഗീകാരം അരവിന്ദിന്റെ ചേട്ടൻ ഫേസ്ബുക്കിൽ പങ്കു വച്ച ഒരു അഭിനന്ദന കുറിപ്പാണ് . “അച്ഛനും അമ്മയും കാണുന്നുണ്ടല്ലോ അല്ലേ, പിഎസ്‌സി എഴുതി നടന്നിരുന്നേല്‍ സ്റ്റേറ്റ് അവാര്‍ഡ് വീട്ടില്‍ വരുമായിരുന്നോ ?” എന്നാണ് ചേട്ടൻ ആനന്ദിന്റെ ചോദ്യം. അതിനെ പറ്റി അരവിന്ദ് ചിരിയോടെ പറയുന്നതിങ്ങനെ ;

“എല്ലാ വീട്ടിലെയും പോലെ അച്ഛനും അമ്മയ്ക്കും ടെൻഷൻ ആയിരുന്നു. അത് എതിർപ്പൊന്നുമല്ല. നമ്മൾ പച്ച പിടിക്കുമോ എന്നൊരു പേടി. ഭാവിയോർത്തിട്ടാണ്. പക്ഷെ അവർ കൂടെ നിന്നു. അതിന്റെയൊക്കെ ഫീലിലാണ് ചേട്ടൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് .
ചേട്ടനാണ് ഏറ്റവും വലിയ പിന്തുണ . “.

“അവാർഡ് കിട്ടിയപ്പോൾ വീട്ടിൽ വലിയ സന്തോഷമാണ്. സംസ്ഥാന പുരസ്കാരമല്ലേ . ” ഇനി കുറച്ച് ഷോർട് ഫിലിമുകളാണ് പൂർത്തിയാക്കാൻ ഉള്ളതെന്ന് അരവിന്ദ് പറയുന്നു. ” കമ്മിറ്റ് ചെയ്ത കുറച്ച് ജോലികളുണ്ട് , ഷോർട് ഫിലിമൊക്കെ . പിന്നെ അപ്പു ചേട്ടന്റെ ( അപ്പു ഭട്ടതിരി ) അസ്സിസ്റ്റന്റാണ് ഇപ്പോളും ഞാൻ. അദ്ദേഹത്തിന്റെ വർക്കുകൾ ഉണ്ട്. അതും പൂർത്തിയാക്കണം. “.

ചെറുപ്രായത്തിൽ തന്നെ അതും ആദ്യ ചിത്രത്തിന് തന്നെ അംഗീകാരം ലഭിച്ച് അഭിമാനം ഉയർത്തിയിരിക്കുകയാണ് അരവിന്ദ് . അരവിന്ദിന്റെ ചേട്ടൻ പറഞ്ഞത് പോലെ പി എസ് സി എഴുതി നടന്നിരുന്നെങ്കിൽ ഇങ്ങനെയൊരു കലാകാരനെ മലയാള സിനിമക്ക് ലഭിക്കുമായിരുന്നോ എന്ന് ഇനി മലയാളികൾക്കും ചോദിക്കാം .

Interview with state award winner aravind manmadhan

Sruthi S :