പടമിറങ്ങയതോടെ കണ്മുന്നിൽ വന്നാൽ മുഖമടച്ചു പൊട്ടിക്കുമെന്നുള്ള ഭീഷണികളും തെറിവിളികളും വന്നു – വിജിലേഷ്

പടമിറങ്ങയതോടെ കണ്മുന്നിൽ വന്നാൽ മുഖമടച്ചു പൊട്ടിക്കുമെന്നുള്ള ഭീഷണികളും തെറിവിളികളും വന്നു – വിജിലേഷ്

മഹേഷിന്റെ പ്രതികാരത്തിലെ എന്താല്ലേ എന്ന ദയനീയത നിറഞ്ഞ ചോദ്യം പ്രേക്ഷകർ മറക്കില്ല. ഒപ്പം ആ ചെറിയ മനുഷ്യനെയും. വിജിലേഷ് എന്ന ചെറുപ്പക്കാരൻ പിന്നെ മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. വരത്തൻ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷം കൈകര്യം ചെയ്തു ഞെട്ടിച്ചിരിക്കുകയാണ് വിജിലേഷ്. പ്രേക്ഷക പ്രതികരണവുംഞെട്ടിച്ചുവെന്നാണ് വിജിലേഷ് പറയുന്നത്.

“ഒരു കഥാപാത്രമുണ്ടെന്നു പറഞ്ഞ് സംവിധായകൻ അമൽ നീരദ് വരത്തനിലേക്കു വിളിക്കുമ്പോൾ അത് ഇത്രയ്ക്കു ‘ഭീകരനാ’യ ഒന്നായിരിക്കുമെന്നു കരുതിയതല്ല. അഭിനയിക്കുമ്പോൾ പോലും കഥാപാത്രത്തിന്റെ വ്യാപ്തി അത്രയ്ക്കങ്ങ് മനസ്സിലായിരുന്നില്ല എന്നതാണു സത്യം. തിയറ്ററിൽ എത്തിയപ്പോഴാണ് തീവ്രത വ്യക്തമായത്. ‘അവനെ കത്തിച്ച് കൊല്ലടാ…’ എന്നാണ് ക്ലൈമാക്സിൽ പ്രേക്ഷകർ വിളിച്ചുപറയുന്നത്. അതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. എന്റെ ഭാഗം ഭംഗിയായല്ലോ.

സ്ക്രിപ്റ്റ് ചെയ്ത സുഹാസും ഷറഫുവും കഥാപാത്രത്തിന്റെ സൂക്ഷ്മതലങ്ങൾ നന്നായി വിവരിച്ചു തന്നിരുന്നു. വഷളത്തരം അതിന്റെ അങ്ങേയറ്റത്ത് കഥാപാത്രത്തിൽ നിൽക്കണമെന്നായിരുന്നു അവർ പറഞ്ഞത്. എന്റെ ശരീരം വച്ച് ഇത്രയും വില്ലത്തരം ചെയ്യാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ രൂപം ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് സംവിധായകൻ അടക്കം ധൈര്യം തന്നു. അതോടെ പ്രേക്ഷകനെ എത്രത്തോളം വെറുപ്പിക്കാം എന്നായി ആലോചന. സദാചാര ഗുണ്ടായിസത്തെക്കുറിച്ചുള്ള മാധ്യമവാർത്തകളൊക്കെ സഹായകരമായി. പിന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കണ്ടിട്ടുള്ള ഇത്തരം സദാചാര വിരുതന്മാരെയും മാതൃകയാക്കി.

സിനിമ ഇറങ്ങിയ ശേഷം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തെറികൊണ്ട് അഭിഷേകമായിരുന്നു. കൺമുന്നിൽ വന്നാൽ മുഖമടച്ച് പൊട്ടിക്കുമെന്നൊക്കെയുള്ള സന്ദേശങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. ആ കഥാപാത്രം അത്രയധികം പ്രേക്ഷകനെ സ്വാധീനിച്ചു എന്നതു തന്നെ കാര്യം.” വിജിലേഷ് പറയുന്നു.

actor vijilesh about varathan movie character

Sruthi S :