ഞങ്ങളുടെ ആഗ്രഹം അതായിരുന്നു, സാഹചര്യം അനുകൂലമല്ലായിരുന്നു,രജിസ്റ്റർ ചെയ്ത് ചെറിയൊരു അമ്പലത്തിൽ വച്ചു മഞ്ഞ ചരടിൽ ഒരു താലി കെട്ടേണ്ടി വന്നു; വിവാഹ വാർഷിക ദിനത്തിൽ നിർമ്മൽ പാലാഴി; കുറിപ്പ്

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് നിര്‍മ്മല്‍ പാലാഴി. സോഷ്യൽ മീഡിയയിൽ സജീവമായ നടന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള പോസ്റ്റാണ് നടൻ പങ്കുവെച്ചത്. പ്രണയവിവാഹമായിരുന്നു നിര്‍മ്മലിന്റേത്. കടുത്ത എതിര്‍പ്പുകളെ നേരിട്ടായിരുന്നു വിവാഹം.

വിവാഹജീവിതം 12ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് നിര്‍മ്മല്‍ കുറിച്ചിട്ടുണ്ട്.

ആളും കുടുംബവും ആയി സന്തോഷത്തോടെ ഉള്ള വലിയൊരു ആഘോഷം എല്ലാവരെയും പോലെ ഞങ്ങളുടെ ആഗ്രഹവും അങ്ങനെയായിരുന്നു. സാഹചര്യം അനുകൂലമല്ലായിരുന്നു അതുകൊണ്ട് രജിസ്റ്റർ ചെയ്ത് ചെറിയൊരു അമ്പലത്തിൽ വച്ചു മഞ്ഞ ചരടിൽ ഒരു താലി കെട്ടേണ്ടി വന്നു. ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയിൽ കൂടുതൽ ഇല്ലെന്ന് പാവങ്ങളായ അവരുടെ വീട്ടുകാരോട് പറഞ്ഞവരോട് ഒന്ന് പറഞ്ഞോട്ടെ ഒന്നും രണ്ടും അല്ലാട്ടോ ദൈവാനുഗ്രഹം കൊണ്ട് ഒരു ഡസൻ ആയി ഒരുമിച്ചിട്ട് എന്നായിരുന്നു നിർമ്മൽ കുറിച്ചത്.

വിവാഹത്തെക്കുറിച്ചും അതിന് ശേഷം കേള്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ചുമെല്ലാം നേരത്തെയും നിര്‍മ്മല്‍ പാലാഴി തുറന്നുപറഞ്ഞിരുന്നു. ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാനാണ്, ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ വൈകുന്നേരമായാല്‍ അവനും കൂട്ടുകാരും ഗായത്രി ബാറിലാണ്. ഇങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ നടക്കുന്ന ചെറുപ്പക്കാരനെ എങ്ങനെയാണ് ആ കുട്ടി പ്രണയിച്ചതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

പെണ്ണ് ചോദിച്ച് ചെന്നപ്പോള്‍ വിവാഹം ചെയ്ത് തരില്ലെന്ന് പറഞ്ഞതോടെ ആകെ നിരാശയിലായിരുന്നു. ആ സമയത്താണ് നീ വിളിച്ചാല്‍ അവള്‍ ഇറങ്ങി വരുമോയെന്ന് ചേട്ടന്‍ ചോദിച്ചത്. വരുമായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വിളിച്ചിട്ട് പോരടാ, ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്നായിരുന്നു ഏട്ടന്‍ പറഞ്ഞത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് ഇറങ്ങാനായിരുന്നു പറഞ്ഞത്. അങ്ങനെയായിരുന്നു വിവാഹം.

ജീവിതം തകര്‍ന്നു, തീര്‍ന്നു എന്നൊക്കെ പറഞ്ഞവരുടെ മുന്നില്‍ ജീവിച്ച് കാണിക്കുകയായിരുന്നു നിര്‍മ്മലും ഭാര്യയും. അവന്റെ കൂടെ എങ്ങനെ ജീവിക്കുമെന്നായിരുന്നു ചിലര്‍ അന്ന് ചോദിച്ചത്. 500 രൂപയില്‍ നിന്നും എന്തെങ്കിലും കിട്ടി മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ ഭാര്യ കട്ടക്ക് കൂടെയുള്ളത് കൊണ്ടാണ്. നിങ്ങള്‍ പറഞ്ഞ പോലെ അവളുടെ ജീവിതം പോയിട്ടുണ്ടാവും, എന്നാസും ഈ പാവത്തിന് ജീവിതം കിട്ടിയെന്നായിരുന്നു മുന്‍പ് നിര്‍മ്മല്‍ കുറിച്ചത്.

Noora T Noora T :