ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് മമ്മൂട്ടി, പുത്തൻ ചിത്രം പുറത്ത്; ഒപ്പം ഓണാശംസകളും

മലയാളികൾക്ക് ഓണാശംസകളുമായി മമ്മൂട്ടി. ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടന്‍ ആശംസകള്‍ നേര്‍ന്നത്. ‘എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്ന് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. താരത്തിന്റെ ഫോട്ടോയും ആശംസയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ച് കമന്റ് ബോക്‌സില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചത്

എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും നല്‍കിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങളെല്ലാവരുടെയും മുന്നില്‍ വിനയാന്വിതനായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഞാന്‍ ശ്രമിക്കുമെങ്കിലും നിങ്ങള്‍ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ എനിക്കാവില്ല. അതിനാല്‍ ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ‘റോഷാക്ക്’ ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഈമാസം 29ന് റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതിതകരണമാണ് ലഭിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്.

Noora T Noora T :