ഇത്രയൊക്കെ കഷ്ടപ്പെട്ടു, ഒരക്ഷരം പോലും മറുത്തു പറയാതെ മോഹൻലാൽ;വെളിപ്പെടുത്തലുമായി സംവിധായകൻ!

മലയാള സിനിമയിൽ സൂപ്പർ താരങ്ങളടക്കം വളരെ ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും ചെയ്യുന്നത്.ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ ആക്ഷൻ രംഗങ്ങളും, സംഘട്ടന രംഗങ്ങളും വളരെ നിസാരമായി ഡ്യൂപ്പ് പോലും വെക്കാതെ ചെയ്യുന്ന ഒരേഒരു താരം അത് മോഹൻലാൽ ആയിരിക്കും.അത് നേരിട്ടും അല്ലാതെയും പ്രക്ഷകർക്കറിയാവുന്നതാണ്.അതുകൊണ്ട് തന്നെയാണ് ഈ താരത്തെ അഭിനയ പ്രതിഭ എന്നൊക്കെ സംബോധന ചെയ്യുന്നത്.

മോഹൻലാലിനെ നായകനാക്കി 1985 ഇൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഉയരും ഞാൻ നാടാകെ. ദാരപ്പൻ എന്ന ആദിവാസി യുവാവായി ആണ് മോഹൻലാൽ ആ ചിത്രത്തിൽ അഭിനയിച്ചത്. അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം ആ ചിത്രത്തെ മനോഹരമാക്കുകയും വലിയ നിരൂപ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ആ സിനിമ ചെയ്തു തീർക്കാൻ, അതിൽ അഭിനയിക്കാൻ മോഹൻലാൽ സഹിച്ച കഷ്ടപ്പാടുകളും അദ്ദേഹത്തിന്റെ പരിശ്രമവും തുറന്നു പറയുകയാണ് സംവിധായകൻ പി ചന്ദ്രകുമാർ.

പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ഞാൻ പിറന്ന നാട്ടിൽ എന്ന ചിത്രത്തിൽ നായക വേഷം ചെയ്യുമ്പോൾ ആണ് ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തെ കുറിച്ച് മോഹൻലാൽ അറിയുന്നത്. ഒരു പോലീസ് ഓഫീസർ ആയാണ് ഞാൻ പിറന്ന നാട്ടിൽ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത്. എന്നാൽ ആദ്യം ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ചന്ദ്രകുമാർ മനസ്സിൽ കണ്ടത് നടൻ രതീഷിനെ ആയിരുന്നു. പക്ഷെ ആ കഥാപാത്രം തനിക്കു ലഭിക്കാൻ വേണ്ടി ശരീരത്തിൽ കരിയും പുരട്ടി ഒരു തോർത്ത് മാത്രമുടുത്തു സംവിധായകന്റെ മുന്നിൽ എത്തിയ മോഹൻലാലിൻറെ ആത്മാർത്ഥമായ ആഗ്രഹം കണ്ടപ്പോൾ ഈ ചിത്രത്തിലും മോഹൻലാൽ മതി എന്ന് അദ്ദേഹം തീരുമാനിക്കുകയിരുന്നു.

എന്നാൽ ചില കണ്ടീഷനുകൾ വെച്ചിട്ടാണ് ആ കഥാപാത്രം അദ്ദേഹം മോഹൻലാലിന് നൽകിയത്. ആ സിനിമ തുടങ്ങി കഴിഞ്ഞാൽ കാലിൽ ചെരുപ്പ് ഇടരുത്. തോർത്ത് മുണ്ട് അല്ലാതെ മറ്റു വസ്ത്രങ്ങൾ ധരിക്കരുത്, ഷൂട്ടിംഗ് യൂണിറ്റിന് ഒപ്പം ഇരിക്കാതെ ഷൂട്ടിംഗ് കഴിയുന്നത് വരെ ആദിവാസികൾക്ക് ഒപ്പം വേണം കഴിയാൻ എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ കണ്ടീഷനുകൾ. അത് അക്ഷരം പ്രതി മോഹൻലാൽ അനുസരിച്ചു എന്ന് മാത്രമല്ല ഒരുപാട് കഷ്ടപ്പാടുകൾ ഒരക്ഷരം പോലും മറുത്തു പറയാതെ സഹിച്ചു കൊണ്ട് അദ്ദേഹം ആ വേഷം മനോഹരമായി തന്നെ ചെയ്തു. 28 ദിവസത്തോളം വയനാട്ടിലെ തണുപ്പിൽ ഒരു തോർത്തു മാത്രം പുതച്ചു, തണുത്തു വിറച്ചു ആദിവാസികളുടെ ഇടയിൽ കഴിഞ്ഞു മോഹൻലാൽ. അന്ന് അദ്ദേഹം സഹിച്ച ആ കഷ്ടപ്പാടുകളും ആ പരിശ്രമവും കൊണ്ടാണ് ഇന്നത്തെ വലിയ നിലയിൽ അദ്ദേഹം എത്തിയത് എന്നും ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർ ഇത്രയും ഒക്കെ സഹിക്കാനും പരിശ്രമിക്കാനും തയ്യാറാകുമോ എന്ന് തനിക്കു അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഈ സംഭവം നടക്കുമ്പോൾ മോഹൻലാലിന് 25 വയസ്സ് പോലും ആയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

about mohanlal

Noora T Noora T :