96 എന്ന ചിത്രത്തിൽ ജാനു ആകേണ്ടിരുന്നത് മഞ്ജു വാര്യര്‍;എന്നാൽ സംഭവിച്ചത് ഇങ്ങനെ ആയിരുന്നു!

തെന്നിന്ത്യ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു വിജയ് സേതുപതിയേയും തൃഷയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സി.പ്രേംകുമാർ സംവിധാനം ചെയ്ത ’96’ എന്ന സിനിമ.തമിഴിൽ മാത്രമല്ല മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇന്നും പ്രേക്ഷകരുടെ ആ ചിത്രത്തിലെ ഗാനങ്ങൾ തങ്ങളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഉണ്ടാകും.റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും സിനിമയിലെത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ജാനുവായി അഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല, മറിച്ച് മഞ്ജു വാര്യരായിരുന്നു എന്നതാണ് സത്യം!.

ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ദുബായിൽ ഒരു അവാർഡ് ഫങ്ഷന് പോയപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് മഞ്ജു പറയുന്നു.

“പരിപാടി കഴിഞ്ഞ് ഞാൻ പോകുമ്പോൾ വിജയ് പുറകെ ഓടി വന്നു. 96ന്റെ സംവിധായകൻ പ്രേം നിങ്ങളെ കാണണം എന്ന് പറഞ്ഞു എന്ന് വിജയ് അറിയിച്ചു. പ്രേം എന്നോട് പറഞ്ഞു ‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടു വരാൻ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ എങ്ങനെ കോൺടാക്ട് ചെയ്യും എന്ന് അറിയില്ലായിരുന്നു,’ ഇത് കേട്ടപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയിപ്പോയി. എന്താ സർ നിങ്ങൾ പറയുന്നത്, ഞാനിത് അറിഞ്ഞിട്ടേ ഇല്ല. ഒരു തവണ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഓടിവരില്ലായിരുന്നോ എന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം എന്നോട് സംസാരിക്കാനായി ആരെയോ കോൺടാക്ട് ചെയ്തിരുന്നു. പക്ഷെ വിജയ്‌യുടെ ഡേറ്റുമായി ചെറിയ കൺഫ്യൂഷൻ വന്നപ്പോൾ അത് നടന്നില്ല. ആ കൺഫ്യൂഷനിലേക്ക് എന്നെക്കൂടി കൊണ്ടുവരാൻ അദ്ദേഹത്തിന് വയ്യായിരുന്നു എന്ന് പറഞ്ഞു.”

എന്നാൽ എല്ലാ സിനിമയ്ക്കും ഒരു നിയോഗം ഉണ്ടെന്നും ജാനു എന്ന കഥാപാത്രം തൃഷയെക്കാൾ നന്നായി മറ്റാരും ചെയ്യില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

“വളരെ ഭംഗിയായി തൃഷ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. അത് എല്ലാവരും കണ്ടതാണ്. അതല്ലാതെ മറ്റൊരു ജോഡി അതിൽ ശരിയാകും എന്ന് തോന്നുന്നില്ല. എന്നെ അതിലേക്ക് പരിഗണിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. അത് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരിക്കും എന്നും ആഗ്രഹം തോന്നി അപ്പോൾ. പക്ഷെ ആ സിനിമ എങ്ങനെ ആയിരുന്നോ അത് തന്നെയാണ് അതിന്റെ ഭംഗി. തൃഷ തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. ആർക്കും ആ നിയോഗം മാറ്റാൻ സാധിക്കില്ല. കഴിഞ്ഞതിനെ കുറിച്ച് ഓർത്തിരുന്നിട്ടും കാര്യമില്ല,” മഞ്ജു പറഞ്ഞു.

about 96 movie

Noora T Noora T :