സിനിമകൾ മാത്രം ചെയ്യുന്നതിനപ്പുറത്ത് ജീവിതത്തിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ട് ; ന്യൂസിലന്റിൽ അബ്ബാസിന്റെ ഇപ്പോഴത്തെ ജീവിതം

തെന്നിന്ത്യൻ സിനിമകളിൽ ഇത്തരത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് അബ്ബാസ്. റൊമാന്റിക് ഹീറോയായി തിളങ്ങിയ അബ്ബാസിന് നിരവധി ആരാധകർ അക്കാലത്തുണ്ടായിരുന്നു. സ്ത്രീ ആരാധകരായിരുന്നു നടന് കൂടുതലും.

സുമുഖനായ അബ്ബാസ് അന്ന് നിരവധി പേരുടെ ആരാധ്യപുരുഷനായി. സഹ നടനായി നിരവധി സിനിമകളിൽ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. നടൻ നായകനായെത്തിയ സിനിമകൾ താരതമ്യേന കുറവാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന മലയാള സിനിമയിൽ അബ്ബാസ് ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

കരിയറിൽ സ്റ്റീരിയോടെെപ്പ് ചെയ്യപ്പെട്ട സാഹചര്യവും അബ്ബാസിനുണ്ടായിരുന്നു. നായികയുടെ മുൻ കാമുകൻ, വിവാഹം കഴിക്കാൻ പോവുന്ന യുവാവ് തുടങ്ങിയ കഥാപാത്രങ്ങളാണ് അബ്ബാസിന് ലഭിച്ചതിൽ കൂടുതലും. ചില പരാജയ സിനിമകളും അബ്ബാസിനുണ്ടായി. 2015 ഓടെ അഭിനയ രം​ഗത്ത് നിന്ന് അബ്ബാസ് പിൻമാറി.

ഭാര്യയോടൊപ്പം ന്യൂസിലന്റിലാണ് അബ്ബാസിപ്പോഴുള്ളത്. സിനിമയിലേക്ക് തിരിച്ചു വരാൻ ആരാധകർ പറയുന്നുണ്ടെങ്കിലും അബ്ബാസ് ന്യൂസിലന്റിൽ തന്റെ സ്വകാര്യ ജീവിതം ആസ്വ​ദിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ അബ്ബാസ് പങ്കുവെക്കാറുണ്ട്. അബ്ബാസിന്റെ മോട്ടിവേഷണൽ സംസാരങ്ങൾ ശ്രദ്ധ നേടാറുമുണ്ട്. അബ്ബാസിന്റെ ന്യൂസിലന്റിലെ ജീവിതത്തെക്കുറിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബൈക്ക് മെക്കാനിക്കായാണ് അബ്ബാസ് ന്യൂസിലന്റിൽ ജോലി ചെയ്യുന്നതെന്നാണ് വിവരം.

നടന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിറയെ പോസിറ്റീവ് വാക്കുകളും വീഡിയോകളുമാണ്. ജീവിതത്തിൽ തനിക്കുണ്ടാവുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും അബ്ബാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ കാലിന് സർജറി ചെയ്തപ്പോൾ മരുന്നുകളുടെ കാഠിന്യം മൂലം താനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് അബ്ബാസ് തുറന്ന് സംസാരിച്ചിരുന്നു. ആത്മഹത്യാ ചിന്തകൾ വരെ തനിക്ക് വന്നെന്നാണ് അബ്ബാസ് അന്ന് പറഞ്ഞത്. നേരത്തെയും ന്യൂസിലന്റിലെ ജീവിതത്തെക്കുറിച്ച് അബ്ബാസ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ലഭിക്കാത്ത സ്വാതന്ത്ര്യം തനിക്ക് ന്യൂസിലന്റിൽ ലഭിക്കുന്നുണ്ടെന്നാണ് അബ്ബാസ് പറഞ്ഞത്. പെട്രോൾ പമ്പിലും, മോട്ടോർ സൈക്കിൾ മെക്കാനിക്കായും, കൺസ്ട്രക്ഷൻ ഫീൽഡിലുമെല്ലാം വർക്ക് ചെയ്തു. ഇതൊരിക്കലും നടനായതിനാൽ ഇന്ത്യയിൽ സാധിക്കില്ലായിരുന്നു.

ഇന്ത്യയിൽ മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്. എനിക്കതെല്ലാം വിട്ട് ലളിതമായ ജീവിതം നയിക്കണമായിരുന്നു. കുട്ടിക്കാലത്ത് ഇന്ത്യ വളരെ മനോഹരവും സിപിളുമായിരുന്നു. നമ്മളാണ് സങ്കീർണമാക്കിയതെന്നും അബ്ബാസ് അന്ന് പറഞ്ഞു. ഇതിനിടെ ഓസ്ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിം​ഗിന്റെ കോഴ്സ് ചെയ്തു.

മാനസിക സമ്മർദ്ദം അനുഭവിച്ച നാളുകളിൽ തനിക്ക് ആത്മഹത്യ ചിന്തകൾ ഉണ്ടായിരുന്നു. ഇത് പോലെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ വേണ്ടിയാണ് ഈ കോഴ്സ് ചെയ്തത്. ആത്മഹത്യാ ചിന്തകളുള്ള കുട്ടികളെ രക്ഷിക്കണമെന്നുണ്ടായിരുന്നു. അത്തരം ചിന്തകളിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. അവർക്കും അതിന് കഴിയുമെന്ന് കാണിച്ച് കൊടുക്കണം. സിനിമകൾ മാത്രം ചെയ്യുന്നതിനപ്പുറത്ത് ജീവിതത്തിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നും അന്ന് അബ്ബാസ് പറഞ്ഞു.

AJILI ANNAJOHN :