അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം; കാഴ്ചപ്പാടും ധൈര്യവും വലിയ മുന്നേറ്റങ്ങൾക്ക് പലർക്കും ധൈര്യം പകരും; കൽക്കി ടീമിനെ അഭിനന്ദിച്ച് യഷ്!!

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര്‍ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിൽക്കുന്നത്.

ഇപ്പോഴിതാ കൽക്കി 2898 എഡിയെ പ്രശംസിച്ച് കന്നഡ താരം യഷ് രംഗത്തെത്തിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം നൽകിയ കൽക്കി ടീമിന് അഭിനന്ദനങ്ങൾ. കൂടുതൽ ക്രിയാത്മക സിനിമകൾ ഒരുക്കുന്നതിന് കൽക്കി വഴിയൊരുക്കും. നാഗ് അശ്വിന്റെയും വൈജയന്തി ഫിലിംസിന്റെയും കാഴ്ചപ്പാടും ധൈര്യവും വലിയ മുന്നേറ്റങ്ങൾക്ക് പലർക്കും ധൈര്യം പകരുമെന്നും യഷ് പറഞ്ഞു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിയവരുടെ പ്രകടനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതികപരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയും പുരാണങ്ങളും ഒരുപോലെ ഉൾക്കൊണ്ട് ഭാവികാലത്തിന്‍റെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് ഈ ചിത്രം. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്.

സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിയുകയും പിന്നീട് പ്രശാന്ത് നീലിന്റെ സലാറിലൂടെയാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നാൽ കല്‍ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

കൽക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ശോഭന, അന്ന ബെൻ എന്നിവരും ഈ സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.

നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക പദുക്കോൺ കൈകാര്യം ചെയ്യുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ‘യാസ്‌കിൻ’ ആയി കമൽഹാസനും എത്തുന്നു. ‘ഭൈരവ’ എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ‘റോക്‌സി’യായി ദിഷ പടാനിയും വേഷമിടുന്നു.

Athira A :