കേരളക്കരയെ വിറപ്പിച്ച നിപയെ അതീജിവിച്ചവർക്ക് സമർപ്പിച്ച് വൈറസ് ; ഏറ്റെടുത്ത് ജനങ്ങൾ

കഴിഞ്ഞ വർഷം മേയിലായിരുന്നു ഒരു മഹാമാരി പോലെ നിപ ആദ്യമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . അത് വരെ പലരും കേട്ടിട്ടു പോലുമില്ലാത്ത ഒരു രോഗമായിരുന്നു അത്. പെട്ടെന്ന് പടർന്നു തുടങ്ങിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ വകുപ്പ് പകച്ചു നിന്നു. എവിടെ നിന്ന് തുടങ്ങണം , എങ്ങനെ പ്രതിരോധിക്കണം എന്നൊന്നുമറിയാതെ പതറുകയും പിന്നീട് അതിജീവിക്കാനുള്ള ശക്തിയും സ്വയമങ് കൈകൊണ്ടു . കേരളമൊന്നാകെ ഒന്നിച്ചു പ്രവർത്തിച്ചു . വീണു പോവാൻ സാധ്യതകളേറെയുണ്ടായിട്ടും അതിജീവിച്ചു എന്നത് ആരോഗ്യവകുപ്പു പ്രവർത്തകരുടെ വലിയൊരു നേട്ടം തന്നെയായിരുന്നു.

ഈ രോഗത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ഇന്നലെ തീയ്യറ്ററുകളിലേക്ക് ഇറങ്ങിയ വൈറസ് . വൈറസ്’ എന്ന ആഷിക്ക് അബുവിന്റെ സിനിമ പറയുന്നതും ആ ഭരണകൂടത്തിന്റെ കഥയാണ്. അന്ന് കേരളത്തെ നയിച്ച മന്ത്രിയും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും ക്ലീനിങ് സ്റ്റാഫും അങ്ങനെ എല്ലാവരും വൈറസിലൂടെ വീണ്ടും കേരളത്തിനു മുന്നിലേക്കെത്തുകയാണ്. റിലീസിന് മുന്നേ തന്നെ ചിത്രത്തെ കുറിച്ച് നല്ലതും വിമർശനാത്മകവുമായ പ്രതികരണങ്ങൾ ലഭിക്കാൻ തുടങ്ങി . ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ സംസ്ഥാനം കഴിഞ്ഞ വർഷം കടന്നുപോയ ഭീതിയുടെ നാളുകളെയും നിപ ബാധിത പ്രദേശമായിരുന്ന കോഴിക്കോടിന്റെ അതിജീവനത്തെയുമെല്ലാം വളരെയേറെ ഗാംഭീര്യത്തോടെയാണ് ‘പകർത്തിയിരിക്കുന്നത്

ഡോക്യുമെന്ററിയാക്കാൻ താരതമ്യേന എളുപ്പമായിരുന്ന ഒരു വിഷയത്തെ ഒരു സിനിമയുടെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരിക എന്ന വെല്ലുവിളിയാണ് സംവിധായകൻ ‘വൈറസി’ലൂടെ ഏറ്റെടുത്തിരിക്കുന്നത്. .ഒരൊറ്റ ദിവസം കൊണ്ട് തന്നെ ചിത്രത്തിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ നാടൊട്ടാകെ ലഭിച്ചിരിക്കുകയാണ്. ആഷിഖ് അബുവെന്ന സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നത് വരും ദിവസങ്ങളിൽ കാണികൾ തന്നെ വിധിയെഴുതും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു സാധാരണ ദിവസത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. ശ്രീനാഥ് ഭാസി, റിമ കലിങ്കൽ, പാർവ്വതി, കുഞ്ചാക്കോ ബോബൻ, രേവതി, ടൊവിനോ തോമസ്, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, ജോജു, സൗബിൻ സാഹിർ, മറഡോണ, സക്കറിയ, ആസിഫ് അലി, ഇന്ദ്രൻസ്, ദർശന, സജിത മഠത്തിൽ, റഹ്മാൻ, രമ്യ നമ്പീശൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇത്രയധികം താരങ്ങളെ ഒന്നിച്ചു കൊണ്ടു വരാൻ കഴിഞ്ഞു എന്നതും ആഷിഖ് അബു എന്ന സംവിധായകന്റെ വിജയമായി വേണം കരുതാൻ.

സിനിമയുടെ ആദ്യപകുതി പ്രേക്ഷകരെ എൻഗെയ്ജ് ചെയ്യുന്ന രീതിയിലാണ് മുന്നോട്ടു പോവുന്നത്. റിയലിസ്റ്റാക്കായ ഒരു ട്രീറ്റ്മെന്റാണ് ആദ്യ പകുതിയുടെ പ്ലസ്. നിപ്പകാലത്ത് കോഴിക്കോട്ടുകാർ കടന്നുപോയ ആ രോഗാവസ്ഥയെ പ്രേക്ഷകനു മനസ്സിലാവുന്ന രീതിയിൽ തന്നെ വരച്ചിടുകയാണ് ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ചിലയിടത്തെല്ലാം സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുന്നുണ്ട്. റിയലിസ്റ്റിക് അപ്രോച്ചിൽ നിന്നും സിനിമ അൽപ്പം മാറി സഞ്ചരിക്കുന്നതായി തോന്നിയതും രണ്ടാംപകുതിയിലാണ്, പ്രത്യേകിച്ചും സൗബിൻ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം. പെർഫോമൻസ് വെച്ച് നോക്കുമ്പോൾ സൗബിൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുവെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്‌മെന്റിലേക്ക് വിളക്കിച്ചേർത്തൊരു ഫീലാണ് ആ കഥാപാത്രം സമ്മാനിക്കുന്നത്.

എന്നാൽ കഥ പറച്ചിലിൽ വന്നു ചേരുന്ന ഇഴച്ചിലിനെ മറികടക്കാൻ സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്ക് സാധിക്കുന്നുണ്ട്. രാജീവ് രവിയുടെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ് ഇവിടെ രക്ഷക്കെത്തുന്നത്. മെഡിക്കൽ ത്രില്ലർ എന്ന ഴോണറിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട് പശ്ചാത്തലസംഗീതം.

സിനിമയെന്ന രീതിയിൽ സമീപിക്കുമ്പോൾ ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും ‘വൈറസ്’ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. കാരണം ‘വൈറസി’ലൂടെ നമുക്കു മുന്നിലെത്തുന്ന കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിലെ പോരാളികളാണ്.

രൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പോരാടിയ ഒരു ജനത. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള മനുഷ്യർ. അതു കൊണ്ടു തന്നെ, സല്യൂട്ട് അർഹിക്കുന്ന നിപ്പ പോരാളികളുടെ ജീവിതകഥയ്ക്ക് ചലച്ചിത്രാവിഷ്കാരം നൽകാൻ തയ്യാറായ ആഷിഖ് അബുവും ടീമും അഭിനന്ദനം അർഹിക്കുന്നുണ്ട്. നിപയെ പ്രതിരോധിച്ച കോഴിക്കോടുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഭരണസംവിധാനങ്ങൾക്കുമുള്ള സല്യൂട്ടാണ് ‘വൈറസ്’.

നേഴ്സ് ലിനിയായി റിമ കല്ലിങ്കലും ആരോഗ്യമന്ത്രിയായി രേവതിയും ജില്ലാ കലക്ടറായി ടൊവിനോയും ആരോഗ്യവകുപ്പ് സെക്രട്ടറിയായി പൂർണിമ ഇന്ദ്രജിത്തും ഡോ. സുരേഷ് രാജനായി കുഞ്ചാക്കോ ബോബനും ഡോ. അനുവായി പാർവ്വതിയുമെല്ലാം സിനിമയിൽ മികവ് മികവു പുലർത്തുകയാണ് . റിയൽ ലൈഫ് കഥാപാത്രങ്ങളോട് നീതി പുലർത്തി തന്നെയാണ് സിനിമയിലെ ഈ കഥാപാത്രങ്ങളെല്ലാം സഞ്ചരിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു, ആസിഫ് അലി, ശ്രീനാഥ് ഭാസി എന്നിവരുടെ കഥാപാത്രങ്ങളും തങ്ങൾക്കു ലഭിച്ച പെർഫോമൻസ് സ്പെയ്സ് നന്നായി ഉപയോഗപ്പെടുത്തി.

nipah-virus-review

Noora T Noora T :