മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചിത്രമാണ് പഞ്ചാബി ഹൗസ് . റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം 1998 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് റാഫി. ദിലീപിന്റെ കരിയറിൽ വഴിത്തിരിവായ സിനിമകളിലൊന്നുമാണ് പഞ്ചാബി ഹൗസ്.
നായക നടനായി ദിലീപ് അഭിനയിച്ച് തുടങ്ങുന്ന കാലഘട്ടത്തിലാണ് പഞ്ചാബി ഹൗസ് പുറത്തിറങ്ങുന്നത്. യഥാർത്ഥത്തിൽ ദിലീപിനെ ആയിരുന്നില്ല സിനിമയിലേക്ക് ആദ്യം നായകനായി പരിഗണിച്ചത്. ജയറാമായിരുന്നു റാഫിയും മെക്കാർട്ടിനും മനസിൽ കണ്ട ആദ്യ നായകൻ. എന്നാൽ പിന്നീട് ദിലീപായിരിക്കും നായകനായി അനുയോജ്യനെന്ന് തോന്നി.
പഞ്ചാബി ഹൗസ് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കാണാതെ പോകുന്ന വിഭാഗമാണ് ഈ സിനിമയുടെ നിർമാതാക്കൾ. അന്ന് ജയറാം ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജയറാമല്ല ദിലീപായിരിക്കും ഇതിൽ കുറച്ച് കൂടി നല്ലതെന്ന് പറയുന്നത്. അതിന് ഒരു നിർമാതാവ് സമ്മതിക്കണം. ന്യൂ സാഗാ ഫിലിംസാണ് പ്രൊഡക്ഷൻ കമ്പനി. സാഗാ അപ്പച്ചൻ സർ, എകെപി ആന്റണി ചേട്ടൻ, ഷേണായി എന്നിവരാണ് പാർട്ണർമാർ. ഇവർ മൂന്ന് പേരും സിനിമ ഒരുപാട് കണ്ടതാണ്.
മാർക്കറ്റ് വാല്യു നോക്കി പോകുന്നവരല്ല. അതിനാൽ അവർ സമ്മതിച്ചു. അന്ന് മാർക്കറ്റിലെ ഏറ്റവും നല്ല കൊമേഡിയൻസ് തന്നെ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ ഹരിശ്രീ അശോകനെയും കാസ്റ്റ് ചെയ്യാൻ പറ്റില്ല. റിലീസിൽ ടെൻഷനുണ്ടായിരുന്നു. ഇത്രയും വൈഡ് റിലീസുകൾ ഇല്ല. റിലീസിന് ശേഷം കുറച്ച് പതിയെയാണ് ആളുകൾ കയറിത്തുടങ്ങിയത്. 200 ദിവസമാണ് പഞ്ചാബി ഹൗസ് തിയറ്ററിൽ ഓടിയതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയിൽ രമണൻ എന്ന കഥാപാത്രത്തിന്റെ വൈകാരിക രംഗം ഒഴിവാക്കിയതിനെക്കുറിച്ചും റാഫി സംസാരിച്ചു.
സിനിമയുടെ മുഴുവൻ കോമഡിയും രമണന്റെ കൈയിലാണ്. രമണൻ ഇടയ്ക്ക് വെച്ച് ഭയങ്കര ഡെപ്തുള്ള സെന്റിമെന്റൽ സീനിൽ വന്ന് കഴിഞ്ഞാൽ ആളുകൾക്ക് കരയണോ ചിരിക്കണോ എന്ന കൺഫ്യൂഷൻ വേണ്ടെന്ന് വെച്ചാണ് ആ സീൻ ഒഴിവാക്കിയത്. പക്ഷെ പിന്നീട് പടം കണ്ടപ്പോൾ ആ സീൻ ഉൾപ്പെടുത്താമായിരുന്നെന്ന് തോന്നിയെന്നും റാഫി വ്യക്തമാക്കി.
പഞ്ചാബി ഹൗസിന് രണ്ട് ക്ലെെമാകസ് ഉണ്ടായിരുന്നെന്നും റാഫി പറയുന്നു. നായകൻ മോഹിനിയെ ഉപേക്ഷിച്ച് ജോമോളുടെ കൂടെ പോകുന്നതായിരുന്നു ഒറിജിനൽ ക്ലെെമാക്സ്. മോഹിനിയെ വിവാഹം കഴിക്കുന്നത് ഒരു ഓപ്ഷനായി രണ്ടാമത് ഷൂട്ട് ചെയ്ത് വെച്ചതാണ്. മദ്രാസിൽ പലരെയും ഇത് കാണിച്ചപ്പോൾ പകുതി പേർ ജോമോളുടെയൊപ്പം പോകുന്നതാണ് നല്ലതെന്ന് പറഞ്ഞു. പകുതി പേർ മോഹിനിക്കൊപ്പം പോകുന്നതാണെന്നും.
സംവിധായകൻ സിദ്ദിഖാണ് അതിൽ കൃത്യമായ അഭിപ്രായം പറഞ്ഞത്. സ്ക്രീൻ ടെെം കൂടുതലുള്ള മോഹിനിക്കാണ്. അവരാണ് നായിക. അതാണ് ഹാപ്പി എൻഡിംഗെന്നും അദ്ദേഹം പറഞ്ഞു. ജയറാമിനെ കൂടാതെ ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരെയാണ് ഹരിശ്രീ അശോകന്റെയും കൊച്ചിൻ ഹനീഫയുടെയും റോളിലേക്ക് പരിഗണിച്ചത്. മോഹിനി, നീന കുറുപ്പ് എന്നിവരുടെ റോളിലേക്ക് മഞ്ജു വാര്യരെയും ദിവ്യ ഉണ്ണിയെയും പരിഗണിച്ചു. രണ്ട് നടിമാർക്കും മറ്റ് സിനിമകളുടെ തിരക്കുകളായതിനാലാണ് പകരം മോഹിനിയും നീന കുറുപ്പും എത്തിയത്. പകരമെത്തിയ എല്ലാവരും പഞ്ചാബി ഹൗസിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.