സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി; ആശങ്കയോടെ സിനിമ ലോകം

യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. രണ്ട് മണിക്കൂര്‍ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമയെന്ന ഖ്യാദി നേടി ഗിന്നസ് റെക്കോര്‍ഡ് പുരസ്കാരം നേടിയ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് നിഷാദ്. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഭാര്യ പ്രതീക്ഷയാണ് പരാതി നൽകിയിരിക്കുന്നത്. ആക്രമണത്തിനിടെ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് നിഷാദിന്റെ സിനിമ തിയറ്ററിൽ റിലീസ് ചെയ്തിരുന്നത്.

മലയാള സിനിമയിൽ തന്നെ ഒരു വിപ്ലവമായി മാറാനായി ഒരുങ്ങുന്ന ചിത്രമെന്ന നിലയിലായിരുന്നു ഏറെ പ്രതിസന്ധികള്‍ മറികടന്ന് ഈ ചിത്രം ഇറക്കിയതെന്ന് നിഷാദ് മുമ്പ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മണിക്കൂറുകൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറുള്ള ആദ്യ ചിത്രമാണിതെന്ന പ്രത്യേകതയാണ് ഗിന്നസ് നേട്ടത്തിന് അര്‍ഹരാക്കിയത്. സിനിമയുടെ ആദ്യ നിര്‍മ്മാതാവുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെയാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോയത്. പിന്നീട് പുതിയ നിര്‍മ്മാതാവായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ആഗസ്റ്റ് രണ്ടിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നത്.

young director- kidnapped

Noora T Noora T :