സഹനടന്‍ ദേവ് ആനന്ദിന്റെ 100ാം ജന്മദിനത്തില്‍ തന്നെ അവാര്‍ഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കുന്നു; പ്രതികരണവുമായി നടി വഹീദ റഹ്മാന്‍

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി വഹീദ റഹ്മാന്‍. ‘ഇരട്ട ആഘോഷ’ നിറവിലാണ് താന്‍ എന്നാണ് ബോളിവുഡ് നടി പറഞ്ഞത്. തന്റെ ഗുരുവായിരുന്ന സഹനടന്‍ ദേവ് ആനന്ദിന്റെ 100ാം ജന്മദിനത്തില്‍ തന്നെ അവാര്‍ഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അടുത്ത കാലത്തായി സിനിമകള്‍ ചെയ്തിരുന്നില്ലെന്നും അതിനാല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു. കുറച്ച് കാലമായി ഞാന്‍ സിനിമകള്‍ ചെയ്തിരുന്നില്ല. ഞാന്‍ ഇതുവരെ അവാര്‍ഡോ മറ്റോ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അവാര്‍ഡിന് ഞാന്‍ യോഗ്യയാണെന്ന് തിരിച്ചറിഞ്ഞാല്‍, അതിന് അനുയോജ്യമായ സമയത്ത് ലഭിക്കും. ആ സമയം ഇതായിരുന്നുവെന്നും വഹീദ റഹ്മാന്‍ പറഞ്ഞു. ദേവ് ആനന്ദ് എന്ന മഹാനടന് ലഭിച്ച സമ്മാനമാണ് ഇത്, അത് എന്നിലൂടെ ലഭിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കപ്പെടുന്ന സുദിനത്തില്‍ തന്നെ ഈ അംഗീകാരം ലഭിച്ചത്. മഹത്തായ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരിന് നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ വര്‍ഷത്തെ ദാദസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം വഹീദ റഹ്മാന് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താരത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലുടനീളമുള്ള യാത്ര മായാത്ത മുദ്ര പതിപ്പിച്ചു. അര്‍പ്പണബോധത്തിന്റെയും കൃപയുടെയും വിളക്ക്.സിനിമാ പാരമ്പര്യത്തിലെ ഏറ്റവും മികച്ച സംഭാവന നല്‍കിയ താരം എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

പ്യാസ, കാഗസ് കെ ഫൂല്‍, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് ഠാക്കൂര്‍ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ആലിബാബാവും 40 തിരുടര്‍ഗളും എന്ന തമിഴ്ചിത്രത്തില്‍ ഒരു നര്‍ത്തകിയായാണ് വഹീദ സിനിമയില്‍ അരങ്ങേറുന്നത്. എന്നാല്‍ 1955ല്‍ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം.

ഗുരുദത്തിന്റെ പ്യാസാ, കാഗസ് കേ ഫൂല്‍ എന്നീ ചിത്രങ്ങള്‍ വിജയിച്ചതോടെയാണ് വഹീദ റഹ്മാന്‍ ബോളിവുഡില്‍ കാലുറപ്പിച്ചത്. 90ഓളം ചിത്രങ്ങളിലാണ് അവര്‍ വേഷമിട്ടു. ഗൈഡ്, നീല്‍ കമല്‍, ഖാമോഷി, രേഷ്മ ഔര്‍ ഷേരാ തുടങ്ങിയവ അതില്‍ ചിലതുമാത്രം. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍, രേഷ്മ ഔര്‍ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അവരെ തേടിയെത്തി. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.

Vijayasree Vijayasree :