ബോളിവുഡിലെ ചില ലോബികളുടെ ആക്രമണത്തിന് താനമും ഇരയായിട്ടുണ്ടെന്ന് വിവേക് ഒബ്‌റോയി

ബോളിവുഡിലെ സ്വജനപക്ഷപാതത്തേക്കുറിച്ച് നിരവധി കഥകള്‍ പുറത്ത് വരാറുണ്ട്. തനിക്ക് ബോളിവുഡ് വിട്ട് ഹോളിവുഡിലേയ്ക്ക് പോകേണ്ടിവന്നത് ഈ പ്രവണതകൊണ്ടാണെന്ന് ഈയിടെയാണ് നടി പ്രിയങ്കാചോപ്ര വെളിപ്പെടുത്തിയിരുന്നു. അതേ പാത പിന്തുടര്‍ന്ന് പ്രിയങ്കയുടെ പരാമര്‍ശത്തെ ശരിവെയ്ക്കും വിധത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് നടന്‍ വിവേക് ഒബ്‌റോയി.

ബോളിവുഡിലെ ചില ലോബികളുടെ ആക്രമണത്തിന്റെ പ്രത്യാഘാതം താന്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിവേക് ഒബ്‌റോയി പറഞ്ഞത്. ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ഒരുപാട് ലോബികള്‍, പ്രിയങ്ക ചൂണ്ടിക്കാട്ടിയതുപോലുള്ള ഒരുപാട് അടിച്ചമര്‍ത്തല്‍ കഥകള്‍. ദൗര്‍ഭാഗ്യവശാല്‍ അതാണ് നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഹാള്‍മാര്‍ക്ക് ചിഹ്നം.’ വിവേക് പറഞ്ഞു.

‘ഇതുതന്നെയാണ് നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഇരുണ്ട വശങ്ങളിലൊന്ന്. അതെത്രമാത്രം നിരാശാജനകമാണെന്ന് എനിക്കറിയാം. അത് ഒരാളെ അത്രമേല്‍ തളര്‍ത്തുകയും ക്ഷീണിതനാക്കുകയും ചെയ്യും.’ വിവേക് ഒബ്‌റോയി പറഞ്ഞു.

ഷൂട്ടൗട്ട് അറ്റ് ലോഖാണ്ഡ്‌വാലാ എന്ന ചിത്രത്തിനുശേഷം 14 മാസം സിനിമകളില്ലാതെ വീട്ടിലിരുന്നതിനേക്കുറിച്ചും വിവേക് ഒബ്‌റോയി ഓര്‍ത്തെടുത്തു. അങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ എന്തെങ്കിലും അസാമാന്യമായി ചെയ്യണമെന്നായിരുന്നു മനസിലെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖല അത്ര സുരക്ഷിതമല്ലാത്ത ഒരിടമാണെന്നുപറഞ്ഞുകൊണ്ടാണ് വിവേക് അഭിമുഖം അവസാനിപ്പിക്കുന്നത്.

Vijayasree Vijayasree :