ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണമെന്ന നിർബന്ധമുണ്ടായിരുന്നു – വിവേക് ഒബ്‌റോയ്

ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണമെന്ന നിർബന്ധമുണ്ടായിരുന്നു – വിവേക് ഒബ്‌റോയ്

ലൂസിഫർ ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. പ്രിത്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയും ഉണ്ട്. കമ്പനി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചത്തിനു ശേഷം ഇപ്പോളാണ് ഇരുവരും ലൂസിഫറിനായി ഒന്നിക്കുന്നത്. പൃഥിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ‘ലൂസിഫറി’ലൂടെ വില്ലൻ വേഷത്തിലെത്തുകയാണ് വിവേക്.

“മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ മുൻപും വന്നിട്ടുണ്ട്. ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പം വേണമെന്ന എന്റെ ആഗ്രഹം ഞാൻ തുറന്നു പറഞ്ഞിരുന്നു. ‘ലൂസിഫറി’ലേക്ക് എന്നെ വിളിക്കുന്നത് പൃഥിരാജാണ്. ലാലേട്ടൻ, മഞ്ജുവാര്യർ, ടൊവിനോ തുടങ്ങിയ മികച്ച താരനിര. പൃഥിയുടെ ആദ്യ സംവിധാന സംരംഭം. സിനിമയെ കുറിച്ച് കേട്ടപ്പോഴേ എക്സൈറ്റ്മെന്റ് ആയി”.

ആ സമയം പൃഥ്വി മണാലിയിലും ഞാൻ മുംബൈയിലും ഷൂട്ടിങ് തിരക്കിലായിരുന്നു. പല തവണ ശ്രമിച്ചെങ്കിലും ഞങ്ങൾക്ക് തമ്മിൽ കാണാൻ സാധിച്ചില്ല. ഒടുവിൽ ഫോണിലാണ് കഥ കേട്ടത്. സമയം കിട്ടുമ്പോഴൊക്കെ മലയാളം സിനിമകൾ കാണാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കഥ കേട്ടപ്പോഴേ ഞാൻ സമ്മതം അറിയിച്ചു. മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ഇത്രയും പ്രാധാന്യമുള്ളൊരു റോൾ ഹിന്ദിയിൽ പോലും എനിക്കു കിട്ടുമോ​ എന്നു സംശയമാണ്. മലയാള സിനിമയുടെ പക്വമായ സമീപനം എനിക്കിഷ്ടമാണ്. മികച്ച കഥകൾ, കഥാപാത്രങ്ങൾ, ക്രാഫ്റ്റ്മാൻഷിപ്പ് ഇതെല്ലാം മറ്റൊരിടത്ത് കാണാൻ കഴിഞ്ഞെന്നു വരില്ല. ഞാൻ ഓകെ പറഞ്ഞതിനു പുറകെ ആന്റണി പെരുമ്പാവൂർ നേരിട്ട് കാണാനെത്തി. തുടർന്ന് ലാലേട്ടനോടും സംസാരിച്ചു,” ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവേക് പറയുന്നു.

തന്റെ ആദ്യ സിനിമയായ ‘കമ്പനി’ മുതലുള്ളതാണ് വിവേക് ഒബ്റോയിയും മോഹൻലാലും തമ്മിലുള്ള സൗഹൃദമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.“ലാലേട്ടനുമായി വല്ലാത്തൊരു ആത്മബന്ധമുണ്ടെനിക്ക്. ഒപ്പം, ഇന്ത്യ കണ്ട മഹാനടന്മാരിൽ ഒരാളായ അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള ആദരവും. 2002 ലാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇക്കാലത്തിനിടയിൽ ഞങ്ങൾക്കിടയിലെ സൗഹൃദവും അടുപ്പവും കൂടുതൽ ശക്തമായിട്ടുണ്ട്. ഞങ്ങൾ പരിചയപ്പെട്ട സമയത്ത് അദ്ദേഹമൊരിക്കൽ ചോദിച്ചു, ‘എല്ലാ വർഷവും ശബരിമല വരാറുണ്ടല്ലേ?’ ഞാൻ ‘അതെ’ എന്നു പറഞ്ഞപ്പോൾ,​ അടുത്ത ട്രിപ്പ് ഞാൻ ഓർഗനൈസ് ചെയ്യാം എന്നായി ലാലേട്ടൻ. അതിനു ശേഷം എല്ലാ വർഷവും എന്റെ ശബരിമല ട്രിപ്പ് പ്ലാൻ ചെയ്യാൻ എന്നെ സഹായിക്കുന്നത് അദ്ദേഹമാണ്. കേരളത്തിൽ വരുമ്പോഴെല്ലാം ഞാനദ്ദേഹത്തെ കാണാൻ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം ഇനിയും​ അഭിനയിക്കാൻ​ എനിക്കാഗ്രഹമുണ്ട്. ഒരു സൂപ്പർതാരത്തിന്റെ ഭാവവമൊന്നുമില്ലാതെ വളരെ വിനയത്തോടെയും സ്നേഹത്തോടെയുമാണ് ലാലേട്ടൻ പെരുമാറുക” വിവേക് വെളിപ്പെടുത്തി.

vivek oberoi about mohanlal

Sruthi S :