വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് നടൻ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണ്. ചില നടിമാർക്ക് സുരക്ഷാ പ്രശ്‌നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്ക്കേണ്ട അവസ്ഥയാണ്.
അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കണം.
20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം. തമിഴ് സിനിമയിലെ സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം.
മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും എന്നാണ് തമിഴിലെ താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായി വിശാൽ പറയുന്നത്. വിശാലിൻ‍്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അതേസമയം, ഈ വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും ഇതിനോടകം പ്രതികരിക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമാകുകയാണ്. ഈ സംഭവത്തിന് ശേഷം ഒരു പ്രൊമോഷൻ പോസ്റ്റുകൾ പോലും രണ്ടാളും പങ്കുവെയ്ക്കുന്നില്ല എന്നത് ആണ് ശ്രദ്ധേയം. നടി ആക്രമിക്കപ്പെട്ട കേസിലും താരരാജക്കന്മാരുടെ ആദ്യ പ്രതികരണം ഇത്തരത്തിലുള്ളതായിരുന്നു.