വിജയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട് വെട്രി കഴകം പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. ആദ്യ ചുവട് വെയ്ക്കുന്ന വിജയ്ക്ക് ആശംസകൾ. ക്യാപ്റ്റൻ വിജയകാന്തിന് ശേഷം ഏറ്റവും പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ നേതാവാണ് വിജയ്.
അദ്ദേഹം ഞാൻ ഉൾപ്പെടെയുള്ള ജനങ്ങൾക്കായി എന്താണ് ചെയ്യുക എന്നും എന്ത് മാറ്റമാണ് കൊണ്ടുവരുന്നത് എന്നും കാണാനും ഞാൻ കാത്തിരിക്കുകയാണ്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേയ്ക്ക് വരിക എന്നാൽ നിസാര കാര്യമല്ല. തനിയ്ക്ക് സിനിമയിൽ നിന്ന് ലഭിക്കുന്ന കോടികൾ വേണ്ടെന്ന് വെച്ച്, ജനങ്ങൾക്ക് സേവനം ചെയ്യാനിറങ്ങുക എന്ന തീരുമാനം നിസാരമല്ല.
അദ്ദേഹം എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ കാത്തിരിക്കുകയാണ് ഞാൻ. വിജയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട് എന്നും വിശാൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അതേസമയം, ഒക്ടോബർ 27 ന് തമിഴ്‌നാട് വില്ലുപുരത്താണ് ആദ്യ പൊതുസമ്മേളനം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും വിജയ് ആരാധകരും സമ്മേളനത്തിന് എത്തും.
അതേസമയം, 2026 ലെ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. അന്ന് തമിഴ്‌നാടിന്റെ അധികാര സ്ഥാനത്തേക്ക് എത്താന് സാധിച്ചില്ലെങ്കിലും തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താന് സാധിക്കുമെന്നാണ് വിജയുടെ വിലയിരുത്തൽ. ആദ്യ സമ്മേളനത്തിന് പിന്നാലെ വിജയ് തന്റെ അവസാന ചിത്രമായ ദളപതി 69 ന്റെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് വിവരം.