‘ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം’, വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് വിശാല്‍

വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. വിദേശത്തായതിനാല്‍ വിജയകാന്തിനോടൊപ്പം അന്ത്യനിമിഷത്തില്‍ ചെലഴിക്കാന്‍ സാധിച്ചില്ലെന്നും അതിന് മാപ്പ് ചോദിക്കുവെന്നും വിശാല്‍ പറഞ്ഞു.

വിശാലിന്റെ വാക്കുകള്‍:

ക്യാപ്റ്റന്‍ താങ്ങള്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെപോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വ്വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും. താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം.

രാഷ്ട്രീയക്കാരനും സിനിമാനടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നു. നടികര്‍ സംഘത്തിന് താങ്കള്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ല. ഒരു നടനായി പേരുകേള്‍ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ്. താങ്കള്‍ക്ക് അതിന് സാധിച്ചു. ഞാന്‍ ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു എന്നും വിശാല്‍ പറഞ്ഞു.

അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു.

വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്. 1990ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

Vijayasree Vijayasree :