10 വര്‍ഷം മലയാള സിനിമയിൽ നിന്നും പുറത്തായി,കാരണം ദിലീപ്;പലർക്കും ഈ അവസ്ഥ നേരിടേണ്ടി വന്നു!

മലയാള സിനിമയിക്ക് ഒരുപിടി നല്ല ദൃശ്യ വിരുന്ന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍.പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ചിത്രങ്ങൾ വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. കല്യാണസൗഗന്ധികം, ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, രാക്ഷസരാജാവ്, അത്ഭുതദ്വീപ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ വിനയന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. എന്നാൽ കുറെ കാലമായി മലയാള സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ വിനയന്‍ മാറി നില്‍ക്കുകയായിരുന്നു.ഇപ്പോൾ അതിനുള്ള കാരണവും വിനയൻ വ്യക്തമാക്കുകയാണ്. താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണം ദിലീപ് ആണെന്ന് വിനയന്‍ പറയുന്നു. പല താരങ്ങള്‍ക്കും സിനിമയില്‍ അവസരം നഷ്ടപ്പെടാന്‍ ദിലീപ് കാരണമായിട്ടുണ്ടെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനു ശരിവെക്കുന്ന ആരോപണവുമായിട്ടാണ് വിനയന്‍ രംഗത്തെത്തിയത്.

മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞിരുന്നു,അന്ന് മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്ന് വിനയന്‍ വെളിപ്പെടുത്തുന്നു.

പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളേജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയന്‍. 10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്ബാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും വിനയന്‍ വ്യക്തമാക്കുന്നു.

അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിലെന്നും വിനയന്‍ ആരോപിക്കുന്നു.

മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ നസീറിനു പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയന്‍ പറഞ്ഞു. മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാള്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയന്‍ പറഞ്ഞു.

vinayan about dileep

Vyshnavi Raj Raj :