വിക്രമിന്റേതായി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിക്രമെത്തുന്നത്.
ചിത്രത്തിൽ വിക്രമിന്റേതായി പുറത്തെത്തിയ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാരായെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തങ്കലാന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ വേളയിൽ നടൻ വിക്രം പാർവതിയേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതിയുടേത്. ഇമോഷണൽ സീൻസ് ഉൾപ്പെടെയുള്ളവയിൽ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. പാർവതിയ്ക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്.
ഒപ്പം ഒരുപാട് നന്ദിയും അറിയിക്കുകയാണ്. പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിൻ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാർവതി വന്നല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. സിനിമയിൽ പറയുന്ന കാലത്ത്, സ്ത്രീകൾ ജോലിയ്ക്ക് പോകും.
അവർ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തിൽ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും എന്നുമാണ് വിക്രം പറഞ്ഞു. ഗംഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതിയെത്തുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നത്. മാളവിക മോഹനൻ, പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്.
ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. തങ്കലാൻ ഓസ്കർ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ധനഞ്ജയൻ പറഞ്ഞിരുന്നു. ഓസ്‌കറിന് പുറമെ 8 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കായി ‘തങ്കലാൻ’ സമർപ്പിക്കുമെന്നാണ്നിർമ്മാതാവ് പറഞ്ഞത്.