വിവാഹജീവിതത്തിലുണ്ടായ പ്രശ്‍നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത് ഇങ്ങനെ ; ഇപ്പോൾ സന്തോഷവതിയാണ് ; വൈക്കം വിജയലക്ഷ്മി

ആരാധകർ ഏറെയുള്ള ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്‌തമായ ആലാപന ശൈലികൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായിക. 2012 ൽ സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി വളരെ പെട്ടെന്ന് തന്നെ ഈ മേഖലയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് ഗാനങ്ങളാണ് വിജയലക്ഷ്മി പ്രേക്ഷകർക്ക് സമ്മാനിച്ചത്. തെലുങ്കിലും കന്നഡത്തിലുമെല്ലാം സാന്നിധ്യമറിയിക്കാൻ വിജയലക്ഷ്മിക്ക് കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങളും മലയാളത്തിന്റെ പ്രിയഗായിക നേടിയിട്ടുണ്ട്.

കാഴ്ച പരിമിതികൾ നേരിടുന്ന വിജയലക്ഷ്മി അതെല്ലാം മറികടന്നാണ് സംഗീത ലോകത്ത് തിളങ്ങി നിൽക്കുന്നത്. സംഗീതമാണ് തന്റെ ജീവിതമെന്ന് വിജയലക്ഷ്‌മി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് അനൂപ് എന്നയാൾ താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മിമിക്രി കലാകാരനായിരുന്നു അനൂപ്. 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ മൂന്ന് വാർഷത്തിനിപ്പുറം, 2021 ൽ ഇരുവരും വിവാഹമോചിതരായി.

എപ്പോഴും പറഞ്ഞുകൊണ്ടുള്ള ജീവിതമായിരുന്നു തന്റേതെന്നാണ് വിവാഹമോചനത്തിന് ശേഷം വൈക്കം വിജയലക്ഷ്‌മി പറഞ്ഞത്. പിരിയാനുള്ള തീരുമാനം തന്റേതായിരുന്നു എന്നും എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താൻ വിവാഹ ബന്ധം വേർപെടുത്തിയതെന്നും വൈക്കം വിജയലക്ഷ്മി പറയുകയുണ്ടായി.

ഭർത്താവ് സംഗീത ലോകത്ത് തുടരുന്നതിന് തന്നെ നിരുത്സാഹപ്പെടുത്തി. എല്ലാത്തിനും നെഗറ്റീവ് കണ്ടെത്തും. കൈ കൊട്ടുന്നതും, താളം പിടിക്കുന്നതും ഒന്നും ഇഷ്ടമല്ല. ഇത്ര മണിക്കൂർ പാടാം, അതിന് ശേഷം പാടാൻ പാടില്ലെന്ന നിബന്ധനവച്ചു എന്നൊക്കെയാണ് വിജയലക്ഷ്മി ബന്ധം വേർപിരിഞ്ഞ ശേഷം അഭിമുഖങ്ങളിൽ പറഞ്ഞത്. അയാൾ ഒരു സാഡിസ്റ്റ് ആയിരുന്നെന്നും അച്ഛനെയും അമ്മയെയും വരെ തന്റെയടുത്തെന്ന് അകറ്റാൻ ശ്രമിച്ചു എന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമാണ് താൻ സന്തോഷവതിയായതെന്ന് പറയുകയാണ് താരം. വിവാഹജീവിതത്തിലുണ്ടായ പ്രശ്‍നങ്ങളെ അതിജീവിക്കാൻ കരുത്തായത് സംഗീതമാണെന്നും വിജയലക്ഷ്മി പറഞ്ഞു. തമിഴ് ചാനലായ ഗലാട്ട പിങ്കിന് നൽകിയ അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്‌മി ഇക്കാര്യങ്ങൾ പറഞ്ഞത്.

വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‍നങ്ങളെയെല്ലാം അതിജീവിച്ചത് സംഗീതത്തിലൂടെയാണ്. വിഷമങ്ങളും ആകുലതകളുമെല്ലാം അതിലൂടെ തന്നെ മറികടക്കാം. ഞാൻ നേരിട്ട പ്രശ്നങ്ങളെ ഓർക്കാതിരിക്കാനും, മറികടക്കാനും എല്ലാം സംഗീതത്തിൽ മുഴുകുന്നത് മൂലം സാധിച്ചു. ഇപ്പോഴെന്റെ വൈവാഹിക ജീവിതം പോലും സംഗീതം മാത്രമാണ്’,

‘ആ പ്രശ്‌നങ്ങളെയെല്ലാം മറികടക്കാൻ കഴിഞ്ഞത് എനിക്ക് ആത്മവിശ്വാസമാണ് നൽകിയത്. വിവാഹമോചനത്തിന് ശേഷമാണ് എനിക്ക് സന്തോഷമായത്. ഇപ്പോൾ വളരെ സന്തോഷത്തിലാണ്. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്നു. ഓൾ ഈസ് വെൽ’, വിജയലക്ഷ്‌മി പറഞ്ഞു.

ഇനി ജീവിതത്തിലുള്ള ഏറ്റവും വലിയ സ്വപ്‍നം എന്താണെന്ന ചോദ്യത്തിന് കണ്ണിന് കാഴ്ച ലഭിക്കണം എന്നാണ് താരം പറഞ്ഞത്. ‘കണ്ണിന് കാഴ്ച ലഭിക്കണം എന്നതാണ് ഇനിയുള്ള ആഗ്രഹം. അതിനു ശേഷം സംഗീതത്തിൽ ഗവേഷണം നടത്തണം. സംഗീതത്തെ കുറിച്ച് എപ്പോഴും പഠിച്ചുകൊണ്ടേ ഇരിക്കണം’,
കാഴ്ച ലഭിച്ചാൽ അച്ഛനെയും അമ്മയെയും ദൈവത്തെയും കാണണമെന്നാണ് ആഗ്രഹം. വൈക്കത്തെ എന്റെ നാട്ടുകാരെയും കാണണം. ചികിത്സയുടെ ഭാഗമായി ഇപ്പോൾ വെളിച്ചമൊക്കെ കാണുന്നുണ്ട്. അടുത്തുള്ളതിനെ ചെറുതായി കാണാം. നിറമോ ഒന്നും മനസിലാകില്ല’, വിജയലക്ഷ്‌മി പറഞ്ഞു.

പലതും കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഇപ്പോഴും ഉണ്ടെന്ന് വിജയലക്ഷ്‌മി പറഞ്ഞു. അമ്മയും അച്ഛനും ചെറുപ്പം മുതലെ ഓരോ സിനിമകളും കാണുമ്പോൾ ഡയലോഗിന്റെ സിറ്റുവേഷനുകളൊക്കെ പറഞ്ഞു തരും. പൂവ്, ചെടി, സാരി, മാല അങ്ങനെ ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ, അതൊന്നു കാണാൻ സാധിക്കുന്നില്ലല്ലോ എന്നൊരു സങ്കടം എനിക്കെപ്പോഴും ഉണ്ടാകാറുണ്ട് എന്നാണ് വിജയലക്ഷ്‌മി പറഞ്ഞത്.

AJILI ANNAJOHN :