എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്, അവര്‍ക്കുള്ള മറുപടിയാണിത്; വിജയ് സേതുപതി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവായും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് നടന്‍. മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം.

ജൂണ്‍ 14 ന് തിയേറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. അതേസമയം വിജയ് സേതുപതിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വിടുതലൈ: പാര്‍ട്ട് 2.

ഇപ്പോഴിതാ സിനിമയുടെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഈ പരിപാടിയ്ക്കിടെ തന്റെ സിനിമാ കരിയറിലുണ്ടായ അനുഭവങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാന്‍ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത സമയത്ത് എന്റെ പടമുള്ള പോസ്റ്റര്‍ വെച്ചാല്‍ തിയേറ്ററില്‍ ആളുകള്‍ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ മഹാരാജ എന്ന സിനിമ ആ സീന്‍ മാറ്റിയെഴുതുകയാണ്, അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാണ് ഇത്. എന്നും വിജയ് സേതുപതി പറഞ്ഞു.

അതേസമയം, നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ, ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയിലേയ്ക്ക് അടുക്കുകയാണ്. സാക്‌നില്‍ക്കിന്റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 46 കോടി പിന്നിട്ട് കഴിഞ്ഞു. ഇതില്‍ 30 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 40 കോടിയും ചിത്രം സ്വന്തമാക്കി.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. മഹാരാജായ്ക്കായി 20 കോടി രൂപയാണ് വിജയ് സേതുപതിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Vijayasree Vijayasree :