ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ; കുറിപ്പുമായി വിഘ്‌നേഷ് ശിവന്‍

രണ്ടു ദിവസം മുമ്പാണ് ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷം അറിയിച്ച് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും എത്തിയത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു ഇവര്‍ക്കെതിരെ നടന്നത്. പിന്നാലെ വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു.

വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.

ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചെറിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്. ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ എന്നാണ് വിഘ്‌നേഷ് കുറിച്ചത്.

ആരോഗ്യ വകുപ്പ് വിശദീകരണം ചോദിച്ച വിഷയത്തില്‍ ഇതുവരെ താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. വിശദീകരണം നല്‍കിയതിന് ശേഷം പ്രതികരിക്കുമെന്നാണ് വിവരം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ജൂണ്‍ 9നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

Vijayasree Vijayasree :