ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉർവശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ഉർവശിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല.
ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
ഇപ്പോഴിതാ ഉർവശിയെക്കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമൊക്കെയായ രവി മേനോൻ എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയപ്പോൾ മോഹാലസ്യപ്പെട്ടുപോയ കഥ ഉർവശി തന്നെ മുമ്പ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് രവി മേനോന്റെ എഴുത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു.
ക്യാമറയും ആർക് ലൈറ്റുകളും കണ്ടു ഭയന്ന് ബോധംകെട്ടു വീണുപോയ ഒരു എൽ പി സ്കൂൾ കുട്ടിയുണ്ട് ഉർവശിയുടെ സിനിമാസ്‌മരണകളിൽ. സംസ്ഥാന അവാർഡ് നേടിയ “ഉള്ളൊഴുക്കി”ലെ ലീലാമ്മയെ കണ്ടിരുന്നപ്പോൾ മനസ്സിൽ വന്നു നിറഞ്ഞത് ആ ബാലികയുടെ നിഷ്കളങ്കമുഖമാണ്. “ഓർത്താൽ അത്ഭുതം തന്നെ.” — ഉർവശി പറയും. “ക്യാമറയെ മാത്രമല്ല സിനിമയെത്തന്നെ സഹിക്കാനാകുമായിരുന്നില്ല ഒരിക്കൽ എനിക്ക്. പക്ഷേ സിനിമ എന്നെ സഹിച്ചു; ഒന്നും രണ്ടും കൊല്ലമല്ല, പതിറ്റാണ്ടുകളോളം.”
ആ സഹനം മലയാളിയുടെ സൗഭാഗ്യമായി മാറിയെന്നതിന് തെളിവായി വെള്ളിത്തിരയിൽ ഉർവശി പകർന്നാടിയ വൈവിധ്യമാർന്ന കഥാപാത്രങ്ങളുണ്ട് നമുക്ക് മുന്നിൽ. ദേശീയ അവാർഡിനും ആറ് സംസ്ഥാന അവാർഡുകൾക്കും എണ്ണമറ്റ മറ്റു ബഹുമതികൾക്കുമെല്ലാം അപ്പുറത്ത് ഉർവശിയെ മലയാളിയുടെ സ്വകാര്യ അഹങ്കാരമാക്കി നിലനിർത്തുന്ന കഥാപാത്രങ്ങൾ. നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഉർവശിയുടെ ചലച്ചിത്രയാത്രയുടെ തുടക്കം ഒരു “മോഹാലസ്യ”ത്തിൽ നിന്നായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
“കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ” എന്ന മനോഹരമായ സ്തുതിഗീതം ആ വീഴ്ച്ചയുടെ ഓർമ്മ കൂടിയാണ് ഉർവശിക്ക്. “സായൂജ്യ”ത്തിലെ ആ പാട്ട് കേൾക്കുമ്പോൾ മനസ്സുകൊണ്ട് അച്ഛന്റെ പൊടിമോളായി മാറും ഉർവശി. ആദ്യമായി മൂവീ ക്യാമറയുമായി മുഖാമുഖം നിന്ന നിമിഷങ്ങൾ മനസ്സിൽ തെളിയും. “ഒരിക്കലും സങ്കല്പ്പിക്കുക പോലും ചെയ്യാത്ത വഴികളിലൂടെയാണല്ലോ കാലം എന്നെ കൈപിടിച്ച് കൊണ്ടുപോയത് എന്നോർക്കാറുണ്ട് ഇന്നും ആ പാട്ട് കേൾക്കുമ്പോൾ.”
തിരുവനന്തപുരത്തെ ചെട്ടികുളങ്ങര എൽ പി സ്‌കൂളിൽ വിദ്യാർത്ഥിനിയാണ് അന്ന് ഉർവശി. പേര് കവിതാരഞ്ജിനി. മുൻപൊരു സിനിമയിൽ ആൾക്കൂട്ടത്തിൽ മിന്നിമറഞ്ഞിട്ടുണ്ടെങ്കിലും അഭിനയമോഹമൊന്നും ഉള്ളിൽ നാമ്പിട്ടു തുടങ്ങിയിട്ടില്ല. ആ ദിവസങ്ങളിലൊന്നിലാണ് പ്രിയസുഹൃത്തിന്റെ മകൻ സംവിധാനം ചെയ്യുന്ന പുതിയ പടത്തിലെ ഗാനരംഗത്ത് അഭിനയിക്കാൻ കുറെ കുട്ടികളെ വേണമെന്ന് അച്ഛൻ വന്നു പറയുന്നത്.
“സായൂജ്യ”ത്തിന്റെ സംവിധായകൻ ജി പ്രേംകുമാറിന്റെ അച്ഛൻ ഗുലാബും ഉർവശിയുടെ അച്ഛൻ ചവറ വി പി നായരും ഉറ്റ സുഹൃത്തുക്കൾ. ഉർവശിയും രണ്ടു കൊച്ചനിയന്മാരും അങ്ങനെ അച്ഛനോടൊപ്പം ഷൂട്ടിംഗിനായി മെരിലാൻഡ് സ്റ്റുഡിയോയിലെത്തുന്നു. സ്‌കൂളിലെ ചില സഹപാഠികളും ഉണ്ട് കൂടെ; ഗായകസംഘത്തിന്റെ ഭാഗമാകാൻ.
സിനിമാ ഷൂട്ടിംഗിന്റെ ഉള്ളുകള്ളികളൊന്നും അന്നറിയില്ല. മെരിലാൻഡിൽ ചെന്നപ്പോൾ അവിടെ ഒരു ക്രിസ്ത്യൻ പള്ളിയുടെ സെറ്റിട്ടിരിക്കുന്നു. നിറയെ ആളുകൾ, ആകെ ശബ്ദകോലാഹലം. ഫ്ലോറിന്റെ ഒരു മൂലയ്ക്ക് പതുങ്ങിനിന്ന് ചുറ്റുമുള്ള കൗതുകക്കാഴ്ചകൾ അമ്പരപ്പോടെ കണ്ടു ഉർവശി. നല്ല വണ്ണമുള്ള ഒരാളാണ് ക്യാമറാമാൻ. മറ്റൊരാൾ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ട് കസേരയിലിരിക്കുന്നു. സംവിധായകൻ പ്രേംകുമാർ ആണതെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു.
ചെന്നയുടൻ പാട്ട് പഠിച്ചെടുക്കാനാണ് കിട്ടിയ നിർദേശം. കുറെ കുട്ടികൾ ചേർന്ന് പാടേണ്ട പാട്ടാണ്. ക്ളോസപ്പ് ഷോട്ടുകളും ഉണ്ടാകുമെന്നതിനാൽ പാട്ട് എല്ലാവരും ഹൃദിസ്ഥമാക്കിയേ പറ്റൂ. പാട്ടു പഠിച്ച് ക്യാമറക്ക് മുന്നിൽ ചെന്നുനിന്നപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഷൂട്ടിംഗ് തുടങ്ങാൻ നിമിഷങ്ങളേയുള്ളൂ ഇനി. ക്യാമറാമാന്റെ “ലൈറ്റ്സ് ഓൺ” ഗർജ്ജനം കേട്ടപ്പോഴേ ഉള്ളൊന്നു കാളി.
അയ്യായിരം വാട്ട്സിന്റെ തീക്ഷ്ണപ്രകാശം ചൊരിയുന്ന ദീപങ്ങൾ തെളിഞ്ഞതോടെ ആ അമ്പരപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയെന്ന് ഉർവശി. കണ്ണിൽ കുത്തിക്കയറുന്ന വെളിച്ചവും അസഹനീയമായ ചൂടും ചേർന്നപ്പോൾ ശരീരമാകെ ഒരു വിറയൽ. സംവിധായകന്റെ “ആക്‌ഷൻ” എന്ന അലർച്ച കൂടി കേട്ടതോടെ പുതുമുഖതാരം ദാ കിടക്കുന്നു തറയിൽ.
“പാതിബോധത്തിലുള്ള ആ കിടപ്പിലും അച്ഛൻ ആരെയൊക്കെയോ ഉറക്കെ ദേഷ്യപ്പെടുന്നത് കേൾക്കാമായിരുന്നു.” — ഉർവശിയുടെ ഓർമ്മ. “എന്റെ കൊച്ചിനെ ആരാണ് പേടിപ്പിച്ചതെന്നൊക്കെ ചോദിക്കുന്നുണ്ട്. സംവിധായകനോടാവണം. നിലത്തുനിന്ന് എന്നെ വാരിയെടുത്ത് തോളിലിട്ട് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങി അച്ഛൻ.
ആ യാത്ര ചെന്നവസാനിച്ചത് വെള്ളയമ്പലത്തെ ജവഹർ ബാലഭവന് അടുത്തുള്ള ഒരു ഹോട്ടലിലാണ്. ആ ഹോട്ടൽ ഇപ്പോഴുണ്ടോ എന്നറിയില്ല. എന്നാൽ അന്ന് അവിടെ നിന്ന് കഴിച്ച തൈർശാദത്തിന്റെ സ്വാദ് ഇന്നുമുണ്ട് നാവിൻ തുമ്പത്ത്. ചുവന്ന അരി കൊണ്ടുള്ള ചോറായിരുന്നു. എനിക്ക് നല്ല ഓർമ്മയുണ്ട്. കൂടെ സ്വാദുള്ള മാങ്ങാ അച്ചാറും പപ്പടവും. ക്യാമറയും ലൈറ്റുകളും സമ്മാനിച്ച പേടി അതോടെ പമ്പ കടന്നു…” ഗാനരംഗത്തിൽ ഉർവശിയുടെയും അനിയന്മാരുടെയും ഭാഗം പിറ്റേന്നാണ് ഷൂട്ട് ചെയ്തത്.
1979 ജൂലൈയിൽ സോമനും ജയനും ജയഭാരതിയുമെല്ലാം അഭിനയിച്ച “സായൂജ്യം” റിലീസാകുന്നു. പടം ഹിറ്റായി; പാട്ടുകളും. പക്ഷേ പാട്ടുരംഗത്ത് വന്നുപോയ എൽ പി സ്കൂൾ കുട്ടിയെ ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് സംശയം. മൂന്ന് മാസം കൂടിയേ കാത്തിരിക്കേണ്ടിവന്നുള്ളൂ ആദ്യമായി “അഭിനയിച്ച” പടം വെളിച്ചം കാണാൻ: കെ പി പിള്ള സംവിധാനം ചെയ്ത “കതിർമണ്ഡപ”ത്തിൽ ജയഭാരതിയുടെ കുട്ടിക്കാലമാണ് കൊച്ചു കവിത അവതരിപ്പിച്ചത്. “ജയഭാരതിച്ചേച്ചിയുടെ ഛായ ഉണ്ടായിരുന്നത്രെ അന്നെനിക്ക്.” എന്നും ഉർവശി പറയുന്നു.
അതായിരുന്നു തുടക്കം. പിന്നീടുള്ളത് ചരിത്രമാണ്; മലയാളസിനിമയിലെ ഉർവശി യുഗത്തിന്റെ ചരിത്രം. ക്യാമറയുമായുള്ള ആദ്യസമാഗമം സമ്മാനിച്ച വീഴ്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഉർവശി പിന്നീടെത്രയോ അവിസ്മരണീയ ഗാനരംഗങ്ങളിൽ പങ്കാളിയായി. “മുന്താണെ മുടിച്ചി”ലെ “കണ്ണ് തൊറക്കണം സ്വാമി”യിലായിരുന്നു തുടക്കം.
തുടർന്ന് നിമിഷം സുവർണ്ണ നിമിഷം, തങ്കത്തോണി, മായപ്പൊന്മാനേ, കസ്തൂരി എന്റെ കസ്തൂരി, സ്വർഗങ്ങൾ സ്വപ്നം കാണും, പത്തുവെളുപ്പിന്, ശ്രീരാമനാമം, കൊഞ്ചി കൊഞ്ചി, കളിപ്പാട്ടമായ് , യാത്രയായി, അല്ലിമലർക്കാവിൽ, ഞാറ്റുവേലക്കിളിയെ, എന്തു പറഞ്ഞാലും… ഉർവശിയുടെ സാന്നിധ്യം കൊണ്ടുകൂടി ഓർക്കപ്പെടുന്ന ഗാനരംഗങ്ങൾ.
അതേസമയം, ഉർവശിയുടെ മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയും അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മകളെ കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
മകളുടെ മുറിയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്നാണ് ഉർവശി പറയുന്നത്. ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്.
ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും.
ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ.
മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും എന്നും താരം പറഞ്ഞു.
മാത്രമല്ല, ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്നും ഉർവശി വ്യക്തമാക്കിയിരുന്നു.