ഇപ്പോഴാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ ആ റോള്‍ ഓവര്‍ ആക്ട് ചെയ്യല്‍ ആയി പോയേനെ, അന്ന് ആ സംവിധായകന്‍ പറഞ്ഞത് വലിയ ഇന്‍സള്‍ട്ട് ആയി; ഉര്‍വശി

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. കോമഡി വേഷങ്ങള്‍ ആയാലും കാരക്ടര്‍ റോളുകളായാലും ഉര്‍വശിയുടെ കൈകളില്‍ അത് ഭദ്രമാണ്. ലേഡി സൂപ്പര്‍സ്റ്റാറെന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ കഴിയുന്ന നടിയെന്നാണ് ആരാധകര്‍ ഉര്‍വശിയെ വിശേഷിപ്പിക്കാറുള്ളത്.

ഉര്‍വശി ആദ്യമായി നായികയായി എത്തുന്നത് നടന്‍ ഭാഗ്യരാജിനൊപ്പം മുന്താനൈ മുടിച്ച് എന്ന സിനിമയിലാണ്. വലിയ ഹിറ്റായ ചിത്രം പിന്നീട് ഉര്‍വശിയ്ക്ക് കൈ നിറയെ സിനിമകള്‍ സമ്മാനിച്ചു. മുന്താനൈ മുടിച്ചില്‍ അഭിനയിച്ചതുകൊണ്ട് തന്നെ തനിക്ക് പഠിക്കാനിഷ്ടമായിരുന്നെങ്കിലും കൂടുതലൊന്നും പഠിക്കാന്‍ കഴിഞ്ഞില്ലെന്നും മുമ്പ് ഉര്‍വശി പറഞ്ഞിരുന്നു.

ഇപ്പോഴിതാ 13ാമത്തെ വയസില്‍ അഭിനയിച്ച ആ റോള്‍ തനിക്ക് വന്ന് ചേര്‍ന്നതിനെക്കുറിച്ച് പറയുകയാണ് ഉര്‍വശി. ഗൗരവത്തോടെ ഈ പ്രൊഫഷന്‍ എടുക്കണം എന്ന് തീരുമാനിച്ചത് മലയാളത്തില്‍ വന്നതിന് ശേഷമാണ്. വര്‍ഷങ്ങള്‍ പോകുന്നത് അറിയുന്നില്ലല്ലോ. ഇത്രയും സിനിമകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഒരു അതിശയം തോന്നുന്നു. മുന്താനൈ മുടിച്ച് ചെയ്യുന്ന സമയത്ത് ഒരു 13 വയസ്സേ ഉള്ളു.

ഇപ്പോഴാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ ആ റോള്‍ ചിലപ്പോള്‍ ഓവര്‍ ആക്ട് ചെയ്യല്‍ ആയി പോയേനെ. അന്ന് ഒന്നും അറിയാന്‍ വയ്യ. കലചേച്ചി അഭിനയിക്കാന്‍ വെച്ച സിനിമായാണ്. ഷൂട്ടിംഗിന് ഒരു മാസം മുമ്പ്് അതില്‍ നിന്ന് പിന്മാറി അത്രയും ദിവസം ഒരുമിച്ച് പോയി വര്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാരണം കൊണ്ടായിരുന്നു പിന്മാറിയത്. 90 ദിവസത്തോളം ഒരുമിച്ചായിരുന്നു ഷെഡ്യൂള്‍. ഞാന്‍ കലചേച്ചിയുടെ കൂടെ ഫോട്ടോ സെഷന് വേണ്ടി വെറുതേ പോയതാണ്.

ഒന്‍പതാം ക്ലാസിന്റെ വാര്‍ഷിക പരീക്ഷ എഴുതി നില്‍ക്കുന്ന സമയമാണ്. ഭാഗ്യരാജ് എന്ന സംവിധായകന്റെ ദീര്‍ഘദൃഷ്ടി ഓര്‍ക്കുമ്പോള്‍ ഭയങ്കര അത്ഭുതം തോന്നും ഇപ്പോള്‍. എന്നെ എങ്ങനെ അദ്ദേഹം ഹീറോയിന്‍ ആയിട്ട് ആ റോളിന് വേണ്ടി തെരഞ്ഞെടുത്തു എന്നത് ഭയങ്കര അത്ഭുതമാണ്. കാരണം അത് ഹീറോയിന്‍ ഓറിയന്റഡ് സിനിമയല്ലേ. കലചേച്ചിയ്ക്ക് ഒരു സീന്‍ വായിക്കാന്‍ കൊടുത്തു.

തമിഴിലെ വലിയ ഡയലോഗ് ആണ്. ചേച്ചിക്ക് തമിഴ് വായിക്കാന്‍ അത്ര പിടിയില്ല. അത് പറയാന്‍ ഉള്ള മടികൊണ്ട് എന്നെ നോക്കി തപ്പുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ഓവര്‍ സ്മാര്‍ട്ട് ആയിട്ട് ഉറക്കെ വായിക്കുകയായിരുന്നു ഡയലോഗ്. ഇത് കേട്ട് ഭാഗ്യരാജ് സര്‍ എന്നോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. ആര്‍ടിസ്റ്റിനോട് അല്ലേ പറയാന്‍ പറഞ്ഞത്. നീ എന്തിനാണ് സംസാരിക്കുന്നത്? മിണ്ടരുത്. അവിടെ പോയി ഇരിക്ക് എന്ന് പറഞ്ഞു എന്നോട്.

എനിക്ക് അത് ഭയങ്കര വിഷമമായി. ഒരുപാട് പേര്‍ ഇരിക്കുന്ന മുറിയാണ്. പുള്ളി ഉദ്ദേശിച്ചത് ഒരു കുട്ടി അവിടെ ഇരിക്കട്ടെ എന്നായിരിക്കും. പക്ഷെ എനിക്ക് അത് വലിയ ഇന്‍സള്‍ട്ട് ആയി. അത് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അന്ന് എന്നോട് അങ്ങനെ പറഞ്ഞില്ലേ അതുകൊണ്ടാണ് ഞാന്‍ തന്നെ അഭിനയിക്കേണ്ടി വന്നതെന്നും ഭാഗ്യരാജ് സാറിനോട് ഞാന്‍ തന്നെ പറഞ്ഞു.

യൂണിറ്റിലെ എല്ലാവര്‍ക്കും ഭാഗ്യരാജ് സാറിനെ പേടിയാണ്. പക്ഷേ എനിക്ക് പേടിയില്ലായിരുന്നു. കാരണം സാര്‍ ചെയ്ത ഹ്യൂമര്‍ റോള്‍സ് അത് വെച്ചാണ് മനസിലാക്കുന്നത്. പക്ഷെ സെറ്റില്‍ അദ്ദേഹം കടുവയാണ്. എല്ലാവരെയും പേടിപ്പിക്കുന്നു. സാറിനെ കണ്ടാല്‍ ഇന്നും പേടിയില്ല. പക്ഷെ നല്ല ബഹുമാനമുണ്ട് എന്നും ഉര്‍വശി അഭിമുഖത്തില്‍ പറഞ്ഞു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം കൈനിറയെ ചിത്രങ്ങളാണ്. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയം കൊണ്ട് ഉര്‍വ്വശി മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതേസമയം, റാണി ദ റിയല്‍ സ്‌റ്റോറിയാണ് ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയ്യര്‍ ഇന്‍ അറേബ്യ, ഉള്ളൊഴുക്ക്, ഹെര്‍ തുടങ്ങിയ സിനിമകളാണ് ഉര്‍വ്വശിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. പിന്നാലെ തമിഴിലും നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

Vijayasree Vijayasree :