ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീട്ടുകളില്‍ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകളാണ് ചിത്രക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഗായകന്‍ സൂരജ് സന്തോഷും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് ഗായകന് നേരിടേണ്ടി വന്നത്. പിന്നാലെ സൂരജ് തന്നെ തനിയ്‌ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ കുറിച്ച് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, ഭരണഘടന തനിക്ക് നല്‍കുന്ന അവകാശമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തിയിട്ടുള്ളതെന്നും സൂരജ് സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘എനിക്ക് വരുന്ന ഭീഷണി മെസ്സേജ്, ഞാന്‍ പിഎഫ്‌ഐ ചാരന്‍ ആണെന്നുള്ള പോസ്റ്റര്‍ ചമക്കല്‍, ജനം ടീവിയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്‌തെന്ന് പ്രചരിപ്പിക്കല്‍, ഞാന്‍ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, ഇനി പങ്കെടുക്കുകയും ഇല്ല, അങ്ങനെ ഒരുപാട് വ്യാജ വാര്‍ത്തകള്‍ എനിക്കെതിരെ പ്രചരിക്കുന്നുണ്ട്.
എന്റെ വീട്ടുകാരെ അടക്കം നെറി കെട്ട ഭാഷയില്‍ തെറി വിളിക്കുന്നുണ്ട് എനിക്കതൊന്നും പറയാന്‍ പോലും ബുദ്ധിമുട്ടുണ്ട്. ഞാന്‍ വിമര്‍ശിച്ചത് കെ സ് ചിത്രയുടെ സംഗീതത്തെ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.’ എന്നാണ് സൂരജ് സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞത്.