പർവ്വതം പോലെ എന്നോടൊപ്പം നിന്നതിന് നിങ്ങളോട് നന്ദി പറയണമെന്ന് ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ സംവിധായകന് കാർ സമ്മാനിച്ച് നടൻ

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹന് ഒരു കാർ സമ്മാനിച്ച് നടൻ ഉണ്ണി മുകുന്ദൻ. മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200 ആണ് ഉണ്ണി മുകുന്ദന്‍ വിഷ്ണുവിന് സമ്മാനിച്ചത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപയുമാണ് മേഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200ന്റെ എക്‌സ്‌ഷോറൂം വില.

“പ്രിയ വിഷ്ണു, നിങ്ങൾ ഓർക്കുന്നുവോ, രണ്ട് വർഷം മുമ്പ് കൃത്യം ഈ ദിവസമാണ് നമ്മൾ മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അതെന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും ധീരമായ പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഒപ്പം ഒരു പർവ്വതം പോലെ എന്നോടൊപ്പം നിന്നതിന് നിങ്ങളോട് നന്ദി പറയണം. 2 വർഷത്തിന് ശേഷം, നമ്മൾ ധാരാളം അംഗീകാരങ്ങളും ആളുകളുടെ ഇഷ്ടവും നേടി. ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യൻ ചിത്രം, താഷ്കന്റ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രവേശനം, ദുബായ് എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ, ജെസി ഡാനിയൽ ഫൗണ്ടേഷൻ അവാർഡിലെ മികച്ച നടൻ ജൂറി അവാർഡ്, ജെസി ഡാനിയൽ ഫൗണ്ടേഷൻ അവാർഡിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ്, ചലച്ചിത്ര നിരൂപക അവാർഡിൽ മികച്ച നടൻ രണ്ടാമൻ, മികച്ച നടനും മികച്ച കുടുംബ ചിത്രത്തിനുമുള്ള കല്യാണ് ബിഗ് ഫിലിംസ് അവാർഡ്, മികച്ച നടനും സംവിധായകനുമുള്ള ukkma ലണ്ടന്റെ സത്യജിത് റേ അവാർഡ്, മികച്ച നടനും നവാഗത സംവിധായകനുമായി അടൂർ എൻആർഐ ഫോറം കുവൈറ്റ് ഏർപ്പെടുത്തിയ അടൂർ ഭാസി പുരസ്കാരം….

എനിക്കറിയാം, ഇത് വളരെ വൈകിയിരിക്കുന്നു, പക്ഷേ നിങ്ങളിത് അർഹിക്കുന്നു സഹോദരാ. ഇതാ നിങ്ങളുടെ ഡ്രൈവ്! മേപ്പാടിയാനു വേണ്ടി നിങ്ങൾ എടുത്ത പരിശ്രമങ്ങൾക്ക്, സത്യസന്ധതയ്ക്ക്, അർപ്പണബോധത്തിന്, മികവിന് എന്റെ ഭാഗത്തുനിന്നും ടീമിൽനിന്നും ഒരു ചെറിയ അഭിനന്ദനം. ഇത് ഒരു സമ്മാനമല്ല, ഇത് നിങ്ങൾ അർഹിക്കുന്നത്,” ഉണ്ണി മുകുന്ദൻ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാവും. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു

Noora T Noora T :