മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടൻറെ സംവിധായകനായുള്ള അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്. എന്നിലെ കുട്ടി ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് വളർന്നത്. അങ്ങനെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ആകർഷിക്കപ്പെട്ടു.
പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ചെറിയ ആക്ഷൻ കഥാപാത്രങ്ങളിലും മാത്രമല്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ നായകന്മാരെ കണ്ടെത്തി. ആ കുട്ടി, ഒരിക്കലും വളർന്നിട്ടില്ല. സ്വപ്നം കാണുന്നത് അവൻ ഒരിക്കലും ഉപേക്ഷിച്ചില്ല. ഇന്ന്, അവൻ അഭിമാനത്തോടെ ഒരു ചുവടുവെപ്പ് നടത്തുന്നു, വർഷങ്ങളായി തന്റെ ഹൃദയത്തിൽ വഹിക്കുന്ന ഒരു കഥ പറയാൻ. അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്. ഒരു സൂപ്പർഹീറോ കഥ എന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.