മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
പലപ്പോഴായി ഉണ്ണിയുടെ പേരിനൊപ്പം പലതരത്തില്‍ ഗോസിപ്പുകള്‍ വരാറുണ്ട്. നടി സ്വാസിക വിജയ്, അനുശ്രീ തുടങ്ങി നിരവധി താരസുന്ദരിമാരുമായി ഉണ്ണി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചിട്ടുള്ളത്. ഏറ്റവുമൊടുവില്‍ തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന കഥകളെ പറ്റി തുറന്ന് പറയുകയാണ് ഉണ്ണി മുകുന്ദനും നടി അനുശ്രീയും. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി. ഇതിനിടയില്‍ അതിഥിയായി നടി അനുശ്രീയെ കൊണ്ട് വരികയായിരുന്നു.
എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണെന്ന് തമാശരൂപേണ നടന്‍ പറയുന്നു. ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. എനിക്ക് ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
പല പെണ്ണുങ്ങളുടെയും പേരിനൊപ്പം എന്റെ പേര് കൂടി ചേര്‍ത്ത് വാര്‍ത്ത വരികയാണ്. പിന്നെ എനിക്കാരെങ്കിലും പെണ്ണ് തരുമോ എന്നാണ് ഉണ്ണി വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ പേരിനൊപ്പം പുതിയ കഥകള്‍ വന്നതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഷെയര്‍ ചെയ്ത് കൊടുക്കാറുണ്ട്. എന്നാല്‍ ഓരോ മാസവും ഓരോരുത്തരുടെ പേരിനൊപ്പം കഥകള്‍ വന്നാല്‍ എനിക്ക് ശരിക്കും പെണ്ണ് കിട്ടില്ലെന്ന് ഉണ്ണി ചേട്ടന്‍ പറയാറുണ്ടെന്ന് അനുശ്രീയും കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെത്തെ വാര്‍ത്തകള്‍ വരുമ്പോള്‍ അനുവിന് ചിരിയായിരിക്കും. കാരണം പുള്ളിക്കാരിയ്ക്ക് ഇത് ആദ്യമായിട്ടാവും ഗോസിപ്പ് വരുന്നത്. പക്ഷേ എനിക്കങ്ങനെയല്ല. ഇപ്പോള്‍ ആരെ കാണാന്‍ പോയാലും ആഹാ ഉണ്ണി മുകുന്ദനും ആ നടിയും നല്ല ജോഡിയാണ്. കല്യാണം കഴിച്ചൂടേ എന്നായിരിക്കും കമന്റുകള്‍. ചില യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്തകള്‍ കണ്ടിട്ട് ഇതേ ചോദ്യവുമായി വരുന്ന അമ്മച്ചിമാരൊക്കെയുണ്ട്.
മുന്‍പൊരിക്കല്‍ ഒരു അമ്മ സംസാരിക്കാന്‍ വന്നു. കല്യാണം ആയതിനെ പറ്റി ഞാന്‍ കണ്ടുട്ടോ എന്നാണ് അവരെന്നോട് പറഞ്ഞത്. എവിടെ കണ്ടു എന്ന ചോദ്യത്തിന് ഞാന്‍ യൂട്യൂബൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി. ചില സമയത്ത് എനിക്കത് തമാശയായി തോന്നാറുണ്ടെങ്കിലും മറ്റ് ചിലപ്പോള്‍ ഇറിറ്റേഷനാണ് തോന്നുകയെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.
തനിക്കിത് തമാശയായിട്ടേ തോന്നിയിട്ടുള്ളുവെന്നാണ് അനുശ്രീ പറഞ്ഞത്. പക്ഷേ ഉണ്ണി ചേട്ടന് അങ്ങനെയല്ല. നടി മഹിമ, നിഖില, അങ്ങനെ ആരുടെയൊക്കെ കൂടെ നില്‍ക്കുന്നോ അവരുടെയൊക്കെ പേരിനൊപ്പം ഓരോ മാസവും കഥകള്‍ വരുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ദേഷ്യം വരുന്നതിന് കാരണമുണ്ട്. എന്നെ സംബന്ധിച്ച് അങ്ങനെ പ്രശ്‌നമില്ല. എന്നെ പറ്റി ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ഇത് മാത്രമേയുള്ളു. അതുകൊണ്ട് പുതിയ കഥ ഇറങ്ങിയത് നോക്കി ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് അനുശ്രീ പറഞ്ഞത്.
വിശ്വാസത്തെ പറ്റി തുറന്ന് പറഞ്ഞിട്ടുള്ളവരായത് കൊണ്ടാവാം ഞങ്ങളുടെ പേരില്‍ ഇത്തരം കഥകള്‍ വന്നത്. ബാക്കി താരങ്ങളെക്കാളും ഞങ്ങള്‍ രണ്ടാളും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ തുറന്ന് സംസാരിച്ചിരുന്നു. അതുകൊണ്ട് ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന പ്രധാന കാരണം ഇതായിരിക്കും. ഒരു സിനിമയില്‍ മാത്രമേ ഞങ്ങള്‍ രണ്ടാളും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. അതും പെയര്‍ ആയിരുന്നില്ല. എന്നിട്ടും കഥകള്‍ വന്നെങ്കില്‍ അതിന് കാരണം മതവും രാഷ്ട്രീയത്തിലുള്ള സമാനതകളുമാണെന്നാണ് നടി പറയുന്നത്.