അപ്പോള്‍ എങ്ങനെ വീണ്ടും കാണേണ്ടേ, വീണ്ടും കാണും; ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ സൂചന നല്‍കി മോഹൻലാല്‍

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ട് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായിരിക്കുകയാണ്. മത്സരം ഫൈനലിലേക്ക് എത്തിയത് മുതല്‍ വിന്നറിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നു. ഒടുവില്‍ മലയാള ചരിത്രത്തില്‍ ആദ്യമായി ഒരു ലേഡി വിന്നറായിരിക്കുകയാണ്. നൂറ് ദിവസങ്ങളും ബിഗ് ബോസിനുള്ളില്‍ കഴിഞ്ഞ് ഗംഭീര പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥിയാണ് ദില്‍ഷ.മൊത്തം വോട്ടിന്റെ 39 ശതമാനത്തോളമാണ് ദില്‍ഷ നേടിയത്. ബ്ലസ്‍ലി റണ്ണര്‍ അപ്പായി.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ എത്തിയ ആറ് പേര്‍ക്കായി 21 കോടിയിലേറെ വോട്ടുകളാണ് ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെയും സൂചന നല്‍കിയാണ് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് പോയത്.

അപ്പോള്‍ എങ്ങനെ വീണ്ടും കാണേണ്ടേ, വീണ്ടും കാണും എന്ന് പറഞ്ഞ് ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ ആംഗ്യവും കാട്ടിയാണ് മോഹൻലാല്‍ മടങ്ങിയത്. 20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

Noora T Noora T :