27 ലക്ഷം രൂപയോളം ഞാന്‍ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടിയിട്ടില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; പ്രതികരണവുമായി ടൊവിനോ തോമസ്

കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ആയിരുന്നു അദ്ദേഹം രംഗത്തെത്തിയത്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് ആയിരുന്നു സനല്‍ കുമാറിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ;

2020ലാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്യുകയും ചെയ്തു. ഞങ്ങള്‍ ഭയങ്കരമായി എന്‍ജോയ് ചെയ്ത് ചെയ്ത ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു അത്. പഠിക്കാനുള്ള സിനിമ കൂടി ആയിരുന്നു അത്. സനലേട്ടനും ഞാനും തമ്മില്‍ നല്ല ബോണ്ടിംഗ് ആയിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് നിര്‍മ്മാണ ചെലവിന്റെ പകുതി ഞാന്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞത്.

ഒരു 27 ലക്ഷം രൂപയോളം ഞാന്‍ മുടക്കി. ഒരു രൂപ പോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ്. ഷൂട്ട് കഴിഞ്ഞ് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ ഫിലിം ഫെസ്റ്റിവലുകാര്‍ നമ്മിടെ സിനിമയെ റിജക്ട് ചെയ്തു എന്ന പറഞ്ഞു. ഒരു ഇന്റര്‍നാഷണല്‍ കോക്കസ് നമുക്ക് എതിരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു.

എന്റമ്മോ അങ്ങനെ ഒക്കെ ഉണ്ടാകുമോ എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. ചില ഫെസ്റ്റിവലുകളില്‍ വഴക്ക് പ്രദര്‍ശിപ്പിക്കയും ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയില്‍ അടക്കം പ്രദര്‍ശിപ്പിച്ചു. ശേഷം തിയേറ്ററില്‍ ഇറക്കാമെന്ന് പുള്ളി പറഞ്ഞു. ഇടയില്‍ മറ്റൊരാളെ ഇന്‍വെസ്റ്റ് ചെയ്യിക്കാമെന്നും പറഞ്ഞു. പക്ഷേ അത് ശരിയായി തോന്നിയില്ല. അതിന് വേണ്ടി ഞാന്‍ എഴുതി ഒപ്പിട്ട് തരാം. നമ്മള്‍ ഐഎഫ്എഫ്‌കെയില്‍ കണ്ട ആള്‍ക്കാരൊന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് കാണുന്ന ആള്‍ക്കരല്ലെന്ന് പറഞ്ഞു.

പരാജയമാണെന്ന് പറയും. ആള്‍ക്കാരെ പറ്റിച്ച് സിനിമയിലേക്ക് കൊണ്ടു വരാന്‍ പറ്റില്ല. ആ സമയത്താണ് ഒടിടിയില്‍ ഡയറക്ട് റിലീസ് ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെയുള്ള പ്രേക്ഷകരിലേക്ക് എത്താന്‍ പറ്റും എന്ന് പറഞ്ഞു. ഒടിടിയില്‍ പോയപ്പോള്‍ സിനിമയുടെ ക്രിയേറ്റീവ് റൈറ്റ്‌സ് മുഴുവന്‍ അവര്‍ക്ക് കൊടുക്കണം എന്നാണ്. എന്നാല്‍ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യല്‍ പ്രൊഫൈലും തടസമായി വന്നു.

ഇത്തരം സിനിമകള്‍ ചെയ്താല്‍ തകര്‍ന്നുപോകുന്ന കരിയര്‍ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കില്‍ ‘അദൃശ്യജാലകങ്ങള്‍’എന്ന സിനിമയുടെ കോ പ്രൊഡ്യൂസര്‍ ആകുമായിരുന്നോ ഞാന്‍. ആ സിനിമയുടെ ഒടിടി റിലീസിന് പോളിസികള്‍ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിന്റെ സോഷ്യല്‍ പ്രൊഫൈല്‍ നല്ലതായിരുന്നതു കൊണ്ടും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇപ്പോഴും ‘വഴക്ക്’ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കില്‍ അതിനോട് സഹകരിക്കാന്‍ യാതൊരു മടിയും എനിക്കില്ല.

ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്. അത് നിങ്ങള്‍ ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തില്‍ ഇത് അവസാനത്തെ പ്രതികരണമാണ്.!

Vijayasree Vijayasree :