ജോർദാനിൽ അവധിയാഘോഷിച്ച് ടോവിനോയും കുടുംബവും, അപ്രതീക്ഷിതമായി എത്തിയ ആ അതിഥി,നടനോടൊപ്പം തോളിൽ ചേർന്ന് നിന്നു; വൈറൽ ചിത്രം

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ടോവിനോ തോമസ്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഒന്നുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ടൊവിനോ. മിന്നൽ മുരളി ചിത്രത്തോടുകൂടി അന്താരാഷ്ട്ര തലത്തിൽ വരെ ആരാധകരെ നേടാൻ ടോവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ജോർദാനിൽ നിന്ന് ലഭിച്ച തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ് ടോവിനോ. അബുഡ് എന്ന ആഫ്രിക്കൻ ഗ്രേ തത്തെയെയാണ് ടോവിനോ പരിചയപ്പെടുത്തിയത്. ചിത്രത്തിൽ ടോവിനോയുടെ തോളിൽ ചാരി നിൽക്കുന്ന തത്തെയെ കാണാൻ സാധിക്കും. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൂളിംഗ് ഗ്ലാസ് വെച്ച് സ്റ്റയിലിഷ് ലുക്കിലാണ് ടൊവിനോയുള്ളത്.

ഭാര്യയ്ക്കും മക്കൾക്കൊപ്പം ടോവിനോ നിലവിൽ ജോർദാനിൽ അവധി ആഘോഷിക്കുകയാണ്. അവധിയാഘോഷ ചിത്രങ്ങൾ നടൻ ആരാധകർക്കായി പങ്കിട്ടിട്ടുണ്ട്.

തല്ലുമാലയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ടൊവിനോ തോമസ്. മുഹ്‌സിന്‍ പരാരി എഴുതി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ നായികയായ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് തല്ലുമാല.

Noora T Noora T :