കങ്കണ റണാവത്തിനെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകന്‍

നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഗായകനും സംഗീതസംവിധായകനുമായ വിശാല്‍ ദഡ്‌ലാനി. തന്റെ ഇന്‍സ്റ്റ സ്‌റ്റോറിയായി പങ്കുവച്ച പോസ്റ്റിലാണ് വിശാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘ഞാന്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോക്ഷത്തെ കുറിച്ച് എനിക്ക് മനസിലാകും. അവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കില്‍, അവര്‍ സ്വീകരിക്കുമെങ്കില്‍ ഞാന്‍ ജോലി നല്‍കും. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍’ എന്നാണ് വിശാല്‍ ദഡ്‌ലാനി കുറിച്ചത്.

അതേസമയം, കങ്കണയെ അടിച്ച കുല്‍വീന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുല്‍വീന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മണ്ഡി സീറ്റിലെ ജയത്തിന് പിന്നാലെ ഇന്നലെ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ കങ്കണയെ അടിച്ചത്.

സംഭവത്തിന് ശേഷം ഡല്‍ഹിയിലെത്തിയ കങ്കണ പ്രതികരിച്ചിരുന്നു. താന്‍ സുരക്ഷിതയാണെന്നും പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ‘സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, രണ്ടാമത്തെ ക്യാബിനിലെ ഒരു സിഐഎസ്എഫ് സെക്യൂരിറ്റി സ്റ്റാഫ് എന്റെ മുഖത്ത് അടിച്ചു, അധിക്ഷേപവാക്കുകള്‍ പറയാന്‍ തുടങ്ങി.’

‘എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. പഞ്ചാബില്‍ ഭീകരത വളരുകയാണ്. പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ട്’ എന്നായിരുന്നു കങ്കണ പറഞ്ഞത്.

Vijayasree Vijayasree :