സിനിമയിലൊക്കെ നില്‍ക്കുവാണേല്‍ നല്ല കല്യാണാലോചനകളൊന്നും വരില്ലെന്നും ആരൊക്കെയോ അമ്മയോട് പറഞ്ഞിരുന്നു;ടെസ

മമ്മൂട്ടി നായകനായെത്തിയ പട്ടാളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ടെസ ജോസഫ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ടെസ വിലരലിലെണ്ണാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളു

അവതാരകയായി തിളങ്ങുന്ന സമയത്തായിരുന്നു ടെസയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പട്ടാളമെന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും താരം സ്വീകരിച്ചിരുന്നില്ല. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ചക്കപ്പഴം പരമ്പരയിലൂടെ ടെസ അഭിനയമേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കുറേ മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടെസ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സുതുറന്നത്.

ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. എന്റെ ഭാവി എങ്ങനെയാവുമെന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു. ഞങ്ങളുടെ കമ്യൂണിറ്റിയില്‍ അങ്ങനെ അഭിനേതാക്കളൊന്നുമുണ്ടായിരുന്നു. ആ ഒരു ഭയം ശരിക്കും ഞങ്ങളെ അലട്ടിയിരുന്നു. ഇത് ഫസ്റ്റ് ആന്‍ഡ് ലാസ്റ്റാണെന്ന് പറഞ്ഞാണ് അമ്മ ‘പട്ടാള’ത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. സിനിമ ഇറങ്ങി അധികം വൈകാതെ കല്യാണം കഴിഞ്ഞു. പട്ടാളത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പിജിയും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു വിവാഹം.

23 ആവുമ്പോഴേക്ക് എന്നെ കെട്ടിച്ചുവിടണമെന്നായിരുന്നു അമ്മ ചിന്തിച്ചത്. കരിയര്‍ ഓറിയന്റഡായി പോവണമെന്നൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായാണ് എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സിനിമയിലൊക്കെ നില്‍ക്കുവാണേല്‍ നല്ല കല്യാണാലോചനകളൊന്നും വരില്ലെന്നും ആരൊക്കെയോ അമ്മയോട് പറഞ്ഞിരുന്നു. എനിക്ക് രണ്ട് സഹോദരന്‍മാരാണ്. ഞാന്‍ ഒറ്റ മകളാണ്. അതിന്റെ ആധിയുണ്ടായിരുന്നു അമ്മയ്ക്ക്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അമ്മ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കാരണമാണ് അമ്മ അഭിനയം പോത്സാഹിപ്പിക്കാതിരുന്നത്. കല്യാണം കഴിഞ്ഞിട്ട് നീ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ എന്ന് അമ്മ പറഞ്ഞിരുന്നു. വരാന്‍ പോവുന്ന ആള്‍ എങ്ങനെയെന്നൊന്നും നമുക്ക് അറിയില്ലല്ലോ. അത് നിന്റെ ഭാഗ്യം പോലെയിരിക്കുമെന്നായിരുന്നു അമ്മ പറഞ്ഞത്.

AJILI ANNAJOHN :