ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി; തേജാലക്ഷ്മി

നിരവധി ആരാധകരുള്ള താരമാണ് ഉര്‍വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉര്‍വ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍. അഭിനയ മികവില്‍ ഉര്‍വശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉര്‍വശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവില്‍ക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉര്‍വശിയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഉര്‍വശിയുടെ വ്യക്തിജീവിതം ഒരു കാലത്ത് സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങള്‍ ചെറുതല്ല. മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു.

ഇപ്പോള്‍ ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി, അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉര്‍വശിയെ പോലെ മകളും കരിയറില്‍ ഖ്യാതികള്‍ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തേജാലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഉര്‍വശിയും തേജാലക്ഷ്മിയും ആദ്യമായി ഒരുമിച്ച് ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ്.

ഒരു തമിഴ് മീഡിയയിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. അഭിമുഖത്തില്‍ ഇരുവരും പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തേക്ക് വരാനുള്ള തീരുമാനത്തെക്കുറിച്ച് തേജാലക്ഷ്മി സംസാരിച്ചു. ബാംഗ്ലൂരില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ചെന്നൈയിലാണുള്ളത്. സിനിമാ കരിയര്‍ എങ്ങനെയാകുമെന്നറിയില്ല. എല്ലാവരും പറയുന്നത് അമ്മ എത്ര വലിയ ആര്‍ട്ടിസ്റ്റാണ്. നീ എങ്ങനെ അഭിനയിക്കുന്നെന്ന് കാണണം എന്നാണ്.

ഞാനെങ്ങനെയെങ്കിലും ചെയ്‌തോളും നിങ്ങള്‍ വെറുതെയിരിക്കൂ എന്ന് പറയാനാണ് തോന്നാറെന്നും തേജാലക്ഷ്മി വ്യക്തമാക്കി. അമ്മയുടെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ സിംപിളായി തോന്നും. അത് ചെയ്യുന്നത് സിംപിളായാണോ എന്നറിയില്ല. സിനിമകള്‍ ഞാന്‍ നിരീക്ഷിക്കും. ചെറുപ്പം തൊട്ടേ ഞാന്‍ അനുകരിക്കും. അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തില്‍ ആ കഥാപാത്രമായി ജീവിക്കും.

അത് എനിക്കും സാധിച്ചാല്‍ അത്രയും സന്തോഷമെന്നും തേജാലക്ഷ്മി പറയുന്നു. അമ്മ സിനിമയില്‍ നാല്‍പത് വര്‍ഷത്തോളം നിന്നു. അങ്ങനെ നില്‍ക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. സംവിധായകര്‍ക്ക് അവരില്‍ വിശ്വാസം വേണം. ഒരുപാട് ആര്‍ട്ടിസ്റ്റികള്‍ ഒരു ഘട്ടത്തില്‍ കരിയര്‍ വിട്ടുണ്ടെന്നും തേജാലക്ഷ്മി ചൂണ്ടിക്കാട്ടി. വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂര്‍ സര്‍ പറയുന്നത് ഞാന്‍ കേട്ടു.

ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി. എന്നാല്‍ അമ്മ വലിയ താരമാണ്, അതിനാല്‍ ഞാനിങ്ങനെ പെരുമാറണം എന്നൊന്നും ചിന്തിക്കുന്നില്ലെന്നും തേജാലക്ഷ്മി വ്യക്തമാക്കി. മകള്‍ ഹ്യൂമര്‍ നന്നായി ചെയ്യുമെന്ന് ഉര്‍വശി പറയുന്നു. എന്റെ അമ്മയില്‍ നിന്നാണ് ഹ്യൂമര്‍സെന്‍സ് തലമുറകളായി ലഭിച്ചത്.

ബാംഗ്ലൂരില്‍ പഠിച്ചതിനാല്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പരിധി വരെ മകള്‍ക്ക് പറ്റുന്നുണ്ടെന്നും ഉര്‍വശി വ്യക്തമാക്കി. മകള്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ ചെയ്യരുത്. അത് എനിക്കും അവള്‍ക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളില്‍ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതില്‍ ആദ്യത്തേതാണ് തനിക്കിഷ്ടമെന്ന് ഉര്‍വശി വ്യക്തമാക്കി.

മകള്‍ സിനിമാ രംഗത്തേക്ക് വരുന്നതിനെ ആദ്യം താന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് ഉര്‍വശി പറയുന്നു. ആര്‍ട്ടിസ്റ്റുകളുടെ മക്കളാകുമ്പോള്‍ താരതമ്യം ഉണ്ടാകും. ഒന്നും വേണ്ട, നീ പഠിച്ചിട്ട് ജോലിക്ക് പോകൂ എന്ന് ഞാന്‍ പറഞ്ഞതിന് കാരണം അതാണ്. നന്നായി പഠിച്ച് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് പോയി. അതിന് ശേഷമാണ് എല്ലാവരും ചോദിക്കുന്നെന്ന് പറഞ്ഞ് സിനിമാ മോഹം തന്നോട് മകള്‍ പറഞ്ഞതെന്നും ഉര്‍വശി വ്യക്തമാക്കി.

Vijayasree Vijayasree :