ഷൂട്ടിങ് മാത്രമല്ല;ഷൂട്ടിങ്ങും ഇവിടെ ഭദ്രമാണ്!

തമിഴിലും മലയാലയാളത്തിലുമെല്ലാം ഏറെ ആരാധകരുള്ള താരമാണ് അജിത് . സിനിമയില്‍മാത്രം തോക്കേന്തി വെടിവെക്കുന്ന നായകന്മാരില്‍ നിന്ന് വ്യത്യസ്തനാണ് നടന്‍ അജിത്. ഷൂട്ടിങ് എന്നാല്‍ ക്യാമറയ്ക്ക് മുന്നിലുള്ള അഭിനയം മാത്രമല്ല അദ്ദേഹത്തിന്.

കാര്‍, ബൈക്ക് റേസ്, ഷൂട്ടിങ് തുടങ്ങിയ ഹോബികള്‍ വ്യത്യസ്തനാക്കുന്ന നടനാണ് ആരാധകര്‍ തലയെന്ന് വിളിക്കുന്ന അജിത്. അതുകൊണ്ടുതന്നെ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയതല ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അജിത് പങ്കെടുക്കുന്നതിലെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആര്‍ക്കും പ്രവേശനം നല്‍കാതെ പോലീസ് ആരാധകരെ നിരാശരാക്കി.

കോയമ്പത്തൂര്‍ അവിനാശിറോഡിലുള്ള പി.ആര്‍.എസ്. ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് രണ്ടുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. ചെന്നൈ റൈഫിള്‍ ക്ലബ്ബിന് വേണ്ടിയാണ് ക്ലബ്ബ് അംഗമായ അജിത് മത്സരിക്കാനെത്തിയത്. 10 എം.എം.എയര്‍പിസ്റ്റള്‍ ഇനത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അജിത് മത്സരിക്കാനെത്തിയതോടെ സുരക്ഷാ കാരണങ്ങളാല്‍ പോലീസ് മത്സരസ്ഥലത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചു.

എന്നാല്‍, അജിത് മത്സരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെ ആരാധകര്‍ പി.ആര്‍.എസ്. ഗ്രൗണ്ടിലേക്ക് ഒഴുകി. പക്ഷേ, ആരെയും പോലീസ് പ്രവേശിപ്പിച്ചില്ല. കോയമ്പത്തൂര്‍, മധുര, ചെന്നൈ എന്നീ റൈഫിള്‍ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്.

പുതിയ ചിത്രമായ നേര്‍കൊണ്ട പാര്‍വൈയുടെ റീലീസിങ്ങിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടെയാണ് അജിത് കോയമ്പത്തൂരിലെത്തിയത്. ഓഗസ്റ്റ് രണ്ടുവരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനിടെ ഇടയ്ക്കെങ്കിലും അജിത്തിനെ കാണാമെന്ന പ്രതീക്ഷയില്‍ പി.ആര്‍.എസ്. മെതാനത്ത് ചുറ്റിത്തിരിഞ്ഞ് നടക്കുന്നവരുമുണ്ട്.

tamil actor Ajith for national shooting championship in coimbatore

Sruthi S :