ദുൽഖറിനൊപ്പം അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് മെസേജ് അയക്കും ; മൂന്ന് തലമുറയുടെ കൂടെ അഭിനയിക്കാൻ സാധിച്ചു; ടി ജി രവി

നാല് പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമൊക്കെയാണ് ടി.ജി രവി. 1944 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കരയിൽ ജനിച്ച അദ്ദേഹം നാടകലോകത്തു നിന്നാണ് സിനിമയിലേക്കെത്തിയത്. 1973 കാലഘട്ടംമുതൽ അദ്ദേഹം സിനിമാലോകത്തുണ്ട്. തുടര്‍ച്ചയായ വില്ലൻ വേഷങ്ങൾ മൂലം ജീവിതത്തിലുണ്ടാക്കിയ മറക്കാനാവാത്ത അനുഭവങ്ങൾ ടി.ജി രവി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

വില്ലനായതിനാല്‍ പുതിയ തലമുറയിലുള്ളവര്‍ പരിചയപ്പെടാന്‍ പോലും മടിച്ചിരുന്നുവെന്നാണ് രവി മുമ്പൊരിക്കൽ പറഞ്ഞത്. ‘വിവാഹ വീടുകളില്‍ ചെന്നാല്‍ എന്നോട് കുശലം പറയാന്‍ പോലും അധികം പേര്‍ വരാതായി കുറ്റവാളിയെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വലിയ വല്ലാത്ത സങ്കടം തോന്നി.’

പൊതുസ്ഥലത്ത് ചെന്നാല്‍ ആളുകള്‍ക്ക് പേടിയാണെന്നും’, ടി.ജി രവി പറഞ്ഞിരുന്നു. ‘കൂടുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തത് എന്റെ കുറ്റം കൊണ്ടല്ല. ഞാന്‍ ആദ്യം വില്ലന്‍ വേഷം ചെയ്തത് ചാകര എന്ന സിനിമയിലാണ്. അതിലൂടെയാണ് ഈ അലവലാതി ഷാജി എന്ന പേര് കിട്ടിയത്. അന്നത്തെ വില്ലന്മാര്‍ ബ്രാന്‍ഡഡാണ്. എല്ലാ കെള്ളരുതായ്മകളും ചെയ്യുന്നവരായിരിക്കണം. അതെല്ലാം ചെയ്താല്‍ മാത്രമെ അന്നത്തെ വില്ലന്മാര്‍ക്ക് പൂര്‍ണതയുണ്ടായിരുന്നുള്ളു.’

‘അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഞാനൊരുപാട് ചെയ്തിട്ടുണ്ടെന്നും’, ടി.ജി രവി സിനിമാ അനുഭവം പങ്കുവെച്ച് പറഞ്ഞിരുന്നു. താരമിപ്പോൾ‌ കിങ് ഓഫ് കൊത്തയുടെ ഭാ​ഗമാണ്. ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. സിനിമാപ്രേമികൾ‌ക്ക് വളരെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത.

കിങ് ഓഫ് കൊത്തയുടെ ഭാ​ഗമായതോടെ തനിക്ക് മൂന്ന് തലമുറയുടെ കൂടെ അഭിനയിക്കാൻ സാധിച്ചുവെന്നാണ് ടി.ജി രവി പറയുന്നത്. ദുൽഖറിനൊപ്പം അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് മെസേജ് അയക്കുമെന്നും മമ്മൂട്ടിയുമായി നല്ലൊരു ആത്മബന്ധമുണ്ടെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ടി.ജി രവി പറഞ്ഞു.

ദുൽ‌ഖർ മാത്രമല്ല സുരേഷ്​ ​ഗോപിയുടെ മകനും നടനുമായ ​ഗോകുൽ‌ സുരേഷും കിങ് ഓഫ് കൊത്തയിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. ജോഷിയുടെ മകൻ അഭിലാഷാണ് സിനിമയുടെ സംവിധായകൻ. ജോഷിയുടെ മകൻ അഭിലാഷ് മാത്രമല്ല കിങ് ഓഫ് കൊത്തയിൽ എനിക്ക് മുൻ പരിചയമുള്ളവർ. ദുൽഖറിന്റെ വാപ്പ എന്റെ അടുത്ത സുഹൃത്താണല്ലോ. ദുൽഖറിനെ ഞാൻ കുട്ടിയായിരുന്നപ്പോൾ കണ്ടിട്ടുണ്ട്.’

‘അന്ന് കയ്യിൽ ഏടുത്തിട്ടുണ്ടോ എന്ന സംശയവുമുണ്ട്. കൃത്യമായ ഓർമ കിട്ടുന്നില്ല. മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പിന്നെയുള്ളത് സുരേഷ് ഗോപിയുടെ മകൻ അടുത്തത് അഭിലാഷ്. ഡയറക്ടറായി ഞാൻ അഭിലാഷിനെ കണ്ടിട്ടില്ല. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ജോഷി ചെയ്യുമ്പോൾ പുള്ളിയെ സഹായിക്കാൻ അഭിലാഷ് വന്നിട്ടുണ്ട്. അങ്ങനെ കണ്ടാതായിട്ട് ഓർക്കുന്നുണ്ട്.’
‘അടുത്ത ആൾ തിലകേട്ടന്റെ മകനാണ്. ഇത്രയും മക്കളുടെ കൂടെയാണ് ഞാൻ അഭിനയിക്കുന്നത്. അതിന്റെ സന്തോഷം എനിക്കുണ്ട്. അടുത്ത ദിവസം ദുൽഖറിന്റെ കൂടെയാണ് അഭിനയിക്കാൻ പോകുന്നതെങ്കിൽ നിങ്ങളുടെ മകന്റെ കൂടെ ഞാൻ നാളെ അഭിനയിക്കാൻ പോകുകായാണെന്ന് മമ്മൂട്ടിക്ക് മെസേജ് അയക്കും. അപ്പോൾ പുള്ളി കൈകൊണ്ട് തംപ്സ് അപ് കാണിക്കും. അതൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്.’
മൂന്ന് തലമുറകളുടെ കൂടെ അഭിനയിക്കാൻ പറ്റിയത് എന്നുള്ളതാണ് ശരിക്കും എനിക്കുള്ള ഭാഗ്യമെന്ന് പറഞ്ഞാണ്’, ടി.ജി രവി അവസാനിപ്പിച്ചത്. ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ എന്റർടെയ്നറാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ ടീസർ അടുത്തിടെ റിലീസ് ചെയ്തപ്പോൾ വലിയ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ദുൽഖറിന്റെ ഗെറ്റപ്പും ഗംഭീര ഡയലോഗുകളുമായിരുന്നു ടീസറിന്റെ പ്രധാന ആകർഷണം.

AJILI ANNAJOHN :