സുശാന്ത് സിഗ് രജ്പുത്തിന്റെ മരണം; റിയ ചക്രവര്‍ത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ റദ്ദാക്കി ബോംബെ ഹൈകോടതി

നിരവധി ആരാധകരുള്ള താരമായിരുന്നു ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റേത്. ആരാധകരെയും സബപ്രവര്‍ത്തകരെയും ഏറെ കണ്ണീരിലാഴ്ത്തിയ നടന്റെ വിയോഗത്തെ സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഈ വേളയില്‍ നടന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തില്‍ റിയ ചക്രവര്‍ത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ (എല്‍.ഒ.സി) ബോംബെ ഹൈകോടതി റദ്ദാക്കി.

എല്‍.ഒ.സിക്കെതിരെ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോക്, അച്ഛന്‍ ഇന്ദ്രജിത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

സി.ബി.ഐയുടെ അഭിഭാഷകന്‍ ശ്രീറാം ഷിര്‍സാത്ത് ബെഞ്ചിന്റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

2020 ജൂണിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നടന്റെ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബാംഗങ്ങളും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവ് 2020 ജൂലൈയില്‍ ബിഹാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Vijayasree Vijayasree :