നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് നടൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കങ്കുവയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.
സൂര്യയെ സംസാരിക്കാനായി അവതാരക ക്ഷണിക്കുമ്പോൾ സൂപ്പർസ്റ്റാർ എന്ന് അഭിസംബോദന ചെയ്താണ് ക്ഷണിക്കുന്നത്. എന്നാൽ ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല’ എന്നാണ് സൂര്യ പറഞ്ഞത്.
പിന്നാലെ സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. രജനികാന്തിനോടുള്ള നടന്റെ ബഹുമാനമാണ് ഈ വാക്കുകളിൽ കാണുന്നത് എന്ന് പലതും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മാത്രമല്ല, താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നവംബർ 14 നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്.
ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.
സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.