ഹൗസ് ഓഫ് യേശുദാസിലെത്തി യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ മാവിന് വെള്ളമൊഴിച്ച് സുരേഷ് ​ഗോപി; ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കുമെന്നും നടൻ

മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ.

തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.

ഇപ്പോഴിതാ യേശുദാസിന്റെ ഫോർട്ട്കൊച്ചിയിലെ പഴയ തറവാട് കാണാനെത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ വീടിനോടുചേർന്നുനിൽക്കുന്ന മാവിൽ അദ്ദേഹം വെള്ളമൊഴിച്ചു. ‘ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കും’ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേട്ട് വളരാൻ ഭാഗ്യം കിട്ടിയ വൃക്ഷമാണിതെന്നും യേശുദാസിന്റെ വീടിനോട് ചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

പാട്ടുമാവിന് വെള്ളം ഒഴിച്ച ശേഷം അമേരിക്കയിലുള്ള യേശുദാസുമായി വീഡിയോ കോൾ വഴി അദ്ദേഹം സംസാരിക്കുകയും ചെയ്തു. ‘ഹൗസ് ഓഫ് യേശുദാസ്’ എന്നാണ് ഈ വീട് അറിയപ്പെടുന്നത്. ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ സി. എ നാസർ ആണ്.

Vijayasree Vijayasree :